Faith And Reason - 2025
തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്
പ്രവാചകശബ്ദം 18-06-2024 - Tuesday
കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു.
തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. "ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും" താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്.
നെറ്റിയില്‍ കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസിക്കുന്ന പതിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാല്‍ബെര്‍ഗ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.