India - 2024

അഞ്ചാമത് ഫിയാത്ത് മിഷൻ ജിജിഎം ഏപ്രിൽ 10 മുതൽ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ

പ്രിൻസ് ഡേവിസ് തെക്കൂടൻ 19-02-2024 - Monday

തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം എന്ന ഈ അന്തർദ്ദേശീയ സംഗമം മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും കേരളസഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. അഖിലേന്ത്യാതലത്തിൽ, മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ മിഷൻകേന്ദ്രങ്ങൾ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്സിബിഷൻ, മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, വ്യത്യസ്ത സംസ്കാരത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘കൾച്ചറൽ എക്സ്ചേഞ്ച്' പരിപാടികൾ.

വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാൻ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്പ് ’ തുടങ്ങി നിരവധി പരിപാടികളാണ് അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യപിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സിസ്റ്റേഴ്സ്,ബൈബിൾ എഴുതി പൂർത്തിയാക്കിയവർ, സെമിനാരിക്കാർ, അത്മായ ശുശ്രൂഷകർ, കാറ്റികിസം അധ്യാപകർ, കാറ്റികിസം വിദ്യാർത്ഥികൾ, യുവാക്കൾ, ജോലിയിൽ നിന്നും വിരമിച്ചവർ, ഹിന്ദി സംസാരിക്കുന്നവർ, വലിയ കുടുംബങ്ങൾ ,ഡോക്ടേഴ്സ് തുടങ്ങിയവർക്കായി വ്യത്യസ്ത കൂട്ടായ്മകൾ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നു.

സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഏപ്രിൽ പത്താം തീയതി രാവിലെ 9 മണിക്ക് വിശുദ്ധ ബലിയർപ്പിച്ച് ആരംഭിക്കുന്ന അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ കർദ്ദിനാൾ എമിരത്തൂസ് ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ടോണി നീലങ്കാവിൽ, ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വിക്ടർ ലിംഗ് ദോ, ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് പി.കെ. ജോർജ്, ബിഷപ്പ് തോമസ് പുല്ലോപ്പള്ളിൽ, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിൽബർട്ട്, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് അലക്സ് വടുക്കുതല, ബിഷപ്പ് വർഗീസ് ചക്കാലക്കൽ തുടങ്ങി നിരവധി പിതാക്കന്മാർ ദിവ്യബലി അർപ്പിക്കാനും മറ്റു പരിപാടികൾക്ക് നേതൃത്വം നൽകാനും മിഷൻ കോൺഗ്രസിലുണ്ടായിരിക്കും.

മിഷൻ കോൺഗ്രസ് മൂന്നാം ദിനമായ ഏപ്രിൽ 12 വെള്ളിയാഴ്ച ‘മിഷൻ ഡേ’ യായി പ്രത്യേകം ആഘോഷിക്കുന്നു. ഫാ. ദേവസ്യ കാനാട് സി എം ഐ നേതൃത്വം നൽകുന്ന ദിവ്യകാരുണ്യ സൗഖ്യ ആരാധന'നൈറ്റ് വിജില്‍ അന്നേദിനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്. ഏപ്രിൽ 14 ശനിയാഴ്ച ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന കാറ്റികിസം അധ്യാപകർക്കുള്ള കൂട്ടായ്മ അധ്യാപകർക്ക് ഒരു പുതുദിശാബോധം നൽകുമെന്നുറപ്പാണ്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മ്യൂസിക് ബാൻഡുകൾ ഈ മിഷൻ മഹാസംഗമം സംഗീതസാന്ദ്രമാക്കും.

ബൈബിൾ ചരിത്രവും വിവിധങ്ങളായ ബൈബിൾ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതിവിപുലമായ ‘ബൈബിൾ എക്സ്പോ’, വിശ്വാസികളിൽ മിഷൻ തീക്ഷ്ണത വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമുകൾ പ്രദർശിപ്പിക്കുന്ന ‘ഷോർട് ഫിലിം ഫെസ്റ്റ്’, ഭാരതത്തിനകത്തും പുറത്തും സ്തുത്യർഹമായ സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന ‘മിഷൻ അവാർഡ് സെറിമണി’ എന്നിവ മിഷൻകോൺഗ്രസിന്റെ ആകർഷകഘടകങ്ങളിൽ ചിലതാണ്.

ആത്മീയഭൌതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയതെന്ന് ഫിയാത്ത് മിഷനറിമാർ പറയുന്നു. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനത്തിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധതയറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദൈവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻപ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺ ഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്ക് സാധിച്ചു.

ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജിജിഎം മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് ഫിയാത്ത് മിഷൻ മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു.

ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണവിതരണശുശ്രൂഷ, മധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി പ്രതിജ്ഞാബദ്ധരായ ഫിയാത്ത് മിഷന്റെ രക്ഷാധികാരികൾ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എസ്.വി.ഡി, ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരാണ്.

ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മിഷൻ എക്സിബിഷൻ സന്ദർശിക്കാൻ വരുന്നവർക്ക് (ബസ് / മിനി ബസ് )യാത്രാ ചിലവിലേക്കായി കിലോമീറ്റർ 15 രൂപ നിരക്കിൽ ഡീസൽ അലവൻസ് , ഡ്രൈവർക്കുള്ള യാത്രാബത്തയായി 250 രൂപയും ഫിയാത്ത് മിഷൻ നൽകുന്നതാണ്. (ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 വാഹനങ്ങൾ മാത്രം).


Related Articles »