News

കോംഗോയിലെ ദേവാലയങ്ങളില്‍ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന

പ്രവാചകശബ്ദം 20-02-2024 - Tuesday

കിൻഷാസ: സായുധ സംഘങ്ങളുടെ അക്രമങ്ങൾ തകർത്തയിടങ്ങളിൽ സമാധാനം സംജാതമാകാന്‍ പ്രത്യേക പ്രാർത്ഥനയുമായി കോംഗോയിലെ കത്തോലിക്ക ദേവാലയങ്ങള്‍. ഏതു സമയത്തും ഒരു ആഭ്യന്തര യുദ്ധമായി പൊട്ടിത്തെറിക്കാവുന്ന തരത്തിലാണ് നഗരമെന്ന് കിൻഷാസായിലെ ഗോമാ മെത്രാനായ വില്ലി ൻഗുംബി ഇൻ ഗെൻഗെലെ പറഞ്ഞു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ കിഴക്കൻ ഭാഗത്ത് വിമത തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമത്താൽ മൂന്ന് ദശകങ്ങളായി പതിനായിരങ്ങളുടെ ജീവനാണ് അപഹരിച്ചിട്ടുള്ളത്. ഫെബ്രുവരി 18 ഞായറാഴ്ച രാജ്യത്ത് അർപ്പിച്ച ഓരോ ദിവ്യബലിയോടൊപ്പവും മെത്രാൻ സമിതി തയ്യാറാക്കിയ പ്രത്യേക പ്രാർത്ഥന നടത്തിയിരിന്നു.

വരുന്ന ശനിയാഴ്ച രാജ്യത്തിന്റെ തലസ്ഥാനത്തുള്ള കോംഗോയുടെ നാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽ സമാധാനത്തിനായി ദിവ്യബലിയർപ്പിച്ച് കിൻഷാസിനായി ആർച്ച് ബിഷപ്പ് ഫ്രിദൊളിൻ അംബോംഗോ പ്രാർത്ഥിക്കും. രണ്ടു ദിവസം മുമ്പ് ഗോമയിൽ മൃതസംസ്കാര ചടങ്ങിനിടയിൽ നടന്ന സായുധസംഘങ്ങളുടെ ഏറ്റുമുട്ടലിൽ 17 പേരാണ് മരിച്ചത്. റുവാണ്ട പിൻതുണയ്ക്കുന്ന എം23 എന്ന സായുധ സംഘമാണ് അതിന്റെ പിന്നിൽ. വംശീയ ഗ്രൂപ്പുകളും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായ സഹവർത്തിത്വവും ജീവിതവും താറുമാറാക്കും എന്ന ഭയം വ്യാപകമാണ്.

ഗോമാ റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന പട്ടണവും ഗിസെനി നഗരവുമായി അതിർത്തി കടന്ന് ഉയർന്ന സാമ്പത്തിക വ്യാപാരം ചെയ്യുന്ന നാടാണ്. ഏകദേശം രണ്ട് ദശലക്ഷം നിവാസികളുള്ള ഗോമയിൽ സർക്കാർ സ്ഥാപിച്ച ഏഴ് ക്യാമ്പുകളിൽ രണ്ടു വർഷത്തിനിടെ 850,000 പേരാണ് അഭയാർത്ഥികളായുള്ളതെന്നും ഒരു മാനുഷിക ദുരന്തത്തെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് തങ്ങളെന്നും ബിഷപ്പ് വില്ലി ൻഗുംബി പറഞ്ഞു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2021ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 95% ക്രൈസ്തവരാണ്. പക്ഷേ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്.


Related Articles »