Arts - 2025

ഏറ്റവും മികച്ച ക്രിസ്ത‌്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ അവാര്‍ഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'ന്

പ്രവാചകശബ്ദം 25-02-2024 - Sunday

ന്യൂയോര്‍ക്ക്: 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' കരസ്ഥമാക്കി. തന്റെ 21-ാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമയാണിത്. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.

സിനിമയ്ക്ക് ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കു ക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷ ണം അടിവരയിടുക കൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഷൈസൺ പി. ഔസേഫ് പറഞ്ഞു. എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്‌തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽ നിന്നാണ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും അൻപതിലധികം അംഗീകാരങ്ങൾ നേടുകയും ഓസ്‌കർ നോമിനേഷനുകൾക്ക് അർഹത നേടുകയും ചെയ്തു.


Related Articles »