News - 2025

ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 08-02-2025 - Saturday

മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ 'സനാതനി-കർമ ഹീ ധർമ' യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ യേശുവിനെയും മാമോദീസയെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. ഹൈന്ദവ സമൂഹത്തെ ക്രൈസ്തവര്‍ക്ക് നേരെ തിരിക്കുവാന്‍ പ്രേരണ നല്‍കുന്ന വിധത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ച സെൻസർ ബോർഡ് ഫിലിം സർട്ടിഫിക്കറ്റ് സ്റ്റേ ചെയ്യാനും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും അഭ്യർത്ഥിച്ച് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവിന് മുതിർന്ന അഭിഭാഷകനും തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭ എം‌പിയുമായ പി വില്‍സണ്‍ നിവേദനം സമര്‍പ്പിച്ചു. നാനാത്വങ്ങൾക്കിടയിലുള്ള ഏകത്വത്തിലാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തി. സാമുദായിക സൗഹാർദം നിലനിർത്തുന്നത് നിർണായകമായ ഒരു കാലഘട്ടത്തിൽ, ഇത്തരമൊരു സിനിമയുടെ പ്രദർശനം അനുവദിക്കുന്നത് വിഭജനം സൃഷ്ടിക്കുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ആവിഷ്കാരസ്വാതന്ത്ര്യം ഒരു സമൂഹത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്നതാകരുതെന്നു നാഷണൽ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസ്താവിച്ചു. മതപരിവർത്തനത്തെ ക്രിമിനൽ നടപടിയെന്ന മട്ടിൽ തെറ്റായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഒഡീഷയിൽ സമാധാനപരമായി ജീവിക്കുന്ന മതവിഭാഗങ്ങളിൽ വിദ്വേഷം പടർത്താനുള്ള നീക്കമാണ് സിനിമയെന്ന് സംഘടന ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം പോലെതന്നെ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചുനൽകുന്നുണ്ടെന്ന് എൻയുസിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »