News
ജിമ്മി ലായി വരച്ച ക്രൂശിത ചിത്രം ക്യാമ്പസിൽ സ്ഥാപിച്ച് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക
പ്രവാചകശബ്ദം 01-03-2024 - Friday
ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ജയിലിൽ തടവിൽ കഴിയുന്ന ജനാധിപത്യ ആക്ടിവിസ്റ്റും, കത്തോലിക്കാ വിശ്വാസിയുമായ ജിമ്മി ലായിയുടെ ചിത്രം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ക്യാമ്പസിൽ സ്ഥാപിച്ചു. ലായ് വരച്ച ക്രിസ്തുവിന്റെ കുരിശിലെ ചിത്രത്തിൻറെ രണ്ട് വശത്തായി 8 ഓറഞ്ച് നിറത്തിലുള്ള പുഷ്പങ്ങളുമുണ്ട്. ബുഷ് സ്കൂൾ ഓഫ് ബിസിനസ് വിഭാഗത്തിൻറെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ ചാപ്ലിൻ ഫാദർ അക്വീനാസ് ഗുൽബിയുവാണ് ചിത്രം വെഞ്ചിരിച്ചു.
ആപ്പിൾ ഡെയിലി എന്ന മാധ്യമത്തിന്റെ സ്ഥാപകനായ ലായ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായിരുന്നു. 2020 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. ദേശീയ സുരക്ഷ നിയമത്തിന് വിപരീതമായി പ്രവര്‍ത്തിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് 2020 ഓഗസ്റ്റ് മാസം ലായിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനോ, നിശബ്ദനാകാനോ തയാറാകാത്തത് തന്റെ കത്തോലിക്ക വിശ്വാസത്തിലാണെന്നു ലായ് പറഞ്ഞ വാക്കുകള്‍ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിൻറെ ചുവട്ടിലെ ഫലകത്തിൽ എഴുതിയിട്ടുണ്ട്.
സ്ഥാപിക്കപ്പെട്ട ചിത്രം അദ്ദേഹത്തിൻറെ മാത്രമല്ല, ഹോങ്കോങ്ങിലെ എല്ലാ ജനങ്ങളുടെയും, വിശ്വാസം കൊണ്ട് അടിച്ചമർത്തലിനെ എതിർക്കുന്ന ചൈനയിലെ എല്ലാ ജനങ്ങളുടെയും പോരാട്ടത്തിന്റെ സാക്ഷ്യം ആണെന്ന് ലായിയുടെ സുഹൃത്തായ ഫാ. റോബർട്ട് സിരിക്കോ പറഞ്ഞു. ചിത്രം സ്ഥാപിച്ച ചടങ്ങിൽ ഫാ. റോബർട്ട് പങ്കെടുത്തിരിന്നു. കുരിശിലെ ക്രിസ്തുവിൻറെ പീഡാനുഭവത്തിൽ പങ്കുചേരുന്ന അനുഭവമായിട്ടാണ് തടവറയിൽ കഴിയുന്നതിനെ ലായ് കാണുന്നതെന്ന് സിരിക്കോ പറഞ്ഞു.
ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പണ് ജിമ്മി ലായി അറസ്റ്റിലായത്. 1947-ല്‍ ചൈനയില്‍ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങില്‍ എത്തിയത്. 49-മത്തെ വയസ്സില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 2019-ല്‍ ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅന്‍പതോളം ജനാധിപത്യവാദികളില്‍ ലായിയെയും അറസ്റ്റ് ചെയ്യുകയായിരിന്നു. തന്റെ നിലപാടുകളില്‍ കത്തോലിക്ക വിശ്വസം അദ്ദേഹം മുറുകെ പിടിച്ചിരിന്നു.