News

തിരുസഭയ്ക്കുവേണ്ടി ഒന്‍പത് മാസത്തെ നൊവേനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ

പ്രവാചകശബ്ദം 01-03-2024 - Friday

വിസ്കോൺസിന്‍: പാപത്തിന്റെ ശക്തികള്‍ക്കെതിരെ തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു മറിയത്തിന്റെ മാധ്യസ്ഥം തേടി ഒന്‍പത് മാസത്തെ നൊവേന പ്രാർത്ഥനയിൽ പങ്കുചേരാൻ കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനായ കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെയുടെ ആഹ്വാനം. വിസ്കോൺസിനിൽ ഗ്വാഡലൂപ്പയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിച്ച അമേരിക്കൻ കർദ്ദിനാൾ, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം ദേവാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനമുണ്ട്. നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല. പാപത്തിൻ്റെ ഇരുട്ട് വളരെ വലുതായി തോന്നുന്നു. എന്നാൽ നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല! തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ലായെന്നും അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്ന് കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ സന്ദേശത്തില്‍ പറഞ്ഞു.

തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ല. അനുതപിക്കുകയും അത് അന്വേഷിക്കുകയും ചെയ്യുന്നവരിലേക്ക് നമ്മുടെ കർത്താവിൻ്റെ കാരുണ്യം എത്തിച്ചേരുന്നത് പാപത്തിന് തടയാനാവില്ല. 500 വർഷങ്ങൾക്ക് മുമ്പുള്ളതുപോലെ ഇന്നും ശക്തമായി നിലനിൽക്കുന്ന നമ്മുടെ മാതാവിൻ്റെ കരുതലും സംരക്ഷണവും കുറയ്ക്കാൻ യാതൊന്നിനും കഴിയില്ല. ലോകം ക്ഷാമത്തോടും രോഗങ്ങളോടും മല്ലിടുന്നു. മനോഹരവും പീഡിപ്പിക്കപ്പെട്ടതുമായ വിശുദ്ധ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം പ്രദേശത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടൊപ്പം, സഭയ്ക്കുള്ളിൽ നിന്നുള്ള ആശയക്കുഴപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസത്തെ ഇല്ലാതാക്കി.

എന്നാല്‍, നമ്മുടെ മാതാവിൻ്റെ പ്രത്യക്ഷീകരണത്തിന് മുമ്പായി പാപത്തിൻ്റെ ശക്തികൾ പിൻവാങ്ങുന്നത് നാം കണ്ടു. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം ലഭിച്ച വിശുദ്ധ ജുവാൻ ഡീഗോയുടെ കൃപയോടുകൂടിയ വിനീതവും ധീരവുമായ സഹകരണത്തിലൂടെ വിശുദ്ധന്റെ മരണസമയത്ത് ഏകദേശം 9 ദശലക്ഷം പുതിയ ആത്മാക്കളെ സഭയിലേക്ക് ആകർഷിക്കുന്നതിന് കാരണമായി.

മാർച്ച് 12 മുതൽ മാതാവിൻ്റെ മാധ്യസ്ഥ്യം തേടി ഒമ്പത് മാസത്തെ നൊവേന പ്രാർത്ഥിക്കുന്നതിൽ തന്നോടൊപ്പം ചേരാൻ എല്ലാ കത്തോലിക്കരോടും, പ്രത്യേകിച്ച് അമേരിക്കയിലുള്ളവരോടും ആഹ്വാനം ചെയ്യുകയാണെന്നും കർദ്ദിനാൾ പറഞ്ഞു. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീ പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിന് വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ.


Related Articles »