News - 2025

മനുഷ്യ ജീവനെടുക്കാൻ ആര്‍ക്കും അവകാശമില്ല: ഫ്രാന്‍സിന്റെ ഭ്രൂണഹത്യ നിലപാടിനെതിരെ വത്തിക്കാന്‍

പ്രവാചകശബ്ദം 06-03-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ഭേദഗതിയ്ക്കു ഫ്രഞ്ച് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതില്‍ ദുഃഖം പ്രകടിപ്പിച്ച് വത്തിക്കാന്‍. ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഫ്രാൻസിനെ മാറ്റുന്ന ഭേദഗതിക്കെതിരായ ഫ്രഞ്ച് സഭയുടെ എതിർപ്പിന് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് പിന്തുണ അറിയിച്ചു. എല്ലാ ഗവൺമെന്‍റുകളും വിശ്വാസ പാരമ്പര്യങ്ങളും സമാധാനത്തിനും സാമൂഹിക നീതിക്കും അനുകൂലമായ നടപടികളിലൂടെയും ജീവൻ്റെ സംരക്ഷണത്തിന് പരമാവധി മുന്‍ഗണന നല്‍കണമെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു.

സാർവത്രിക മനുഷ്യാവകാശങ്ങളുടെ കാലഘട്ടത്തിൽ, മനുഷ്യ ജീവനെടുക്കാൻ ആര്‍ക്കും 'അവകാശം' ഇല്ല. മനുഷ്യരാശിയുടെ ആദ്യ ലക്ഷ്യം ജീവൻ്റെ സംരക്ഷണമായിരിക്കണം. ജീവനു വേണ്ടിയുള്ള സഭയുടെ പ്രതിരോധം ഒരു പ്രത്യയശാസ്ത്രമല്ല, ഒരു യാഥാർത്ഥ്യമാണ്. എല്ലാ ക്രൈസ്തവരെയും ഉൾക്കൊള്ളുന്ന ഒരു മാനുഷിക യാഥാർത്ഥ്യമാണ്. ഐക്യദാർഢ്യം, പരിചരണം, ജീവ സംസ്കാരം തുടങ്ങിയവ ക്രിസ്ത്യാനികളുടെ സവിശേഷമായ പൈതൃകമല്ല, മറിച്ച് അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്.

ഓരോ വ്യക്തിയുടെയും മൂല്യം തിരിച്ചറിയണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. നേരത്തെ പാർലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ഭ്രൂണഹത്യ അനുകൂല ബിൽ പാസാക്കിയത്. ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറന്‍സ് നേരത്തെ ആഹ്വാനം ചെയ്തിരിന്നു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്.


Related Articles »