News - 2025
ജീവനെ ഇല്ലായ്മ ചെയ്യാന്‍ 'സാത്താനിക് ടെമ്പിൾ' വിർജീനിയയിൽ ഭ്രൂണഹത്യ കേന്ദ്രം തുടങ്ങുവാന്‍ ഒരുങ്ങുന്നു
പ്രവാചകശബ്ദം 15-10-2024 - Tuesday
വിർജീനിയ (അമേരിക്ക): പൈശാചിക സംഘടനയായ 'സാത്താനിക് ടെമ്പിൾ' അമേരിക്കയില്‍ ഭ്രൂണഹത്യ കേന്ദ്രം തുടങ്ങുവാന്‍ ഒരുങ്ങുന്നു. ഇത് രണ്ടാം തവണയാണ് സാത്താനിക് ടെമ്പിൾ ജീവനെ നശിപ്പിക്കുവാന്‍ പ്രോത്സാഹനം നല്‍കി ഭ്രൂണഹത്യ കേന്ദ്രം ആരംഭിക്കുന്നത്. “റൈറ്റ് ടു യുവർ ലൈഫ് സാത്താനിക് അബോർഷൻ ക്ലിനിക്” എന്ന പേരില്‍ വിർജീനിയയിൽ തുറക്കുന്ന കേന്ദ്രത്തില്‍ 24/7 ടെലിഹെൽത്ത് ഭ്രൂണഹത്യ സൗകര്യം ഉണ്ടായിരിക്കുമെന്നു സംഘടന വ്യക്തമാക്കി. ഭ്രൂണഹത്യ മാരക പാപമാണെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നതാണ് പൈശാചിക ആരാധകരുടെ ഈ പ്രവര്‍ത്തി.
ഭ്രൂണഹത്യയ്ക്കു സഹായിക്കുന്ന മരുന്നുകളും സേവനങ്ങളും ലഭ്യമാക്കി നിരപരാധികളായ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനെടുക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് 'സാത്താനിക് ടെമ്പിൾ' ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. "മതപരമായ ഭ്രൂണഹത്യ സേവനങ്ങൾ" എന്ന് വിശേഷണമാണ് സംഘടന ഇതിനു നല്‍കുന്നത്. രാജ്യവ്യാപകമായി ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുവാന്‍ സംഘടന വിവിധങ്ങളായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ന്യൂ മെക്സിക്കോയില്‍ സാത്താനിക് ടെമ്പിള്‍, ഭ്രൂണഹത്യ ക്ലിനിക്ക് ആരംഭിച്ചിരിന്നു.
ക്രൈസ്തവ അവഹേളനം, സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ ഉള്‍പ്പെടെ ഒട്ടേറെ പൈശാചിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാത്താനിക് ടെമ്പിളിന്റെ സംഘടന രീതിയ്ക്കു 2013-ലാണ് തുടക്കമായത്. മസാച്യുസെറ്റ്സിലെ സേലം ആണ് സാത്താനിക് ടെമ്പിളിന്റെ ആസ്ഥാനം. ഭ്രൂണഹത്യ അടക്കമുള്ള മാരക തിന്മകള്‍ സാത്താന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം പുണ്യപ്രവര്‍ത്തികള്‍ക്ക് സമാനമായാണ് പരിഗണിക്കുന്നത്. ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമം തങ്ങളുടെ ആരാധനാ രീതികൾക്ക് വിഘ്നം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് നിയമത്തിനെതിരെ സംഘടന നേരത്തെ രംഗത്തുവന്നിരിന്നു.
