News

ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാന്‍ ആയിരകണക്കിന് മൈല്‍ കാല്‍ നട തീര്‍ത്ഥാടനത്തിന് 24 യുവജനങ്ങള്‍

പ്രവാചകശബ്ദം 13-03-2024 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയില്‍ ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ചു നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി ആയിരക്കണക്കിന് മൈലുകൾ കാല്‍ നടയായി തീര്‍ത്ഥാടനം നടത്താന്‍ യുവജനങ്ങള്‍. നഗരവീഥികളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം സാക്ഷ്യപ്പെടുത്തി കാല്‍ നട തീര്‍ത്ഥാടനം നടത്താനാണ് യുവജനങ്ങള്‍ ഒരുങ്ങുന്നത്. 6,500 മൈലിലധികം ദൂരം നാല് വ്യത്യസ്ത വഴികളിലൂടെ നടന്ന് സഞ്ചരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ജൂലൈ മാസത്തില്‍ ഇന്ത്യാനപോളിസില്‍ എത്തുവാനാണ് ഇവരുടെ തീരുമാനം.

ഓരോ റൂട്ടിലും ആറ് പേർ എന്ന നിലയില്‍ 19 നും 29 നും ഇടയിൽ പ്രായമുള്ള, 24 "ശാശ്വത തീർത്ഥാടകർ" വെയിലും മഴയും അവഗണിച്ച് ഈശോയ്ക്കു സാക്ഷ്യം വഹിക്കാനാണ് ഒരുങ്ങുന്നത്. നാല് വ്യത്യസ്ത പാതകളിലും തീർത്ഥാടകർ ഓരോ ദിവസവും 10-15 മൈലുകൾ സഞ്ചരിക്കും. ഇവരുടെ ആത്മീയ പര്യടന യാത്രയുടെ ഭാഗമായി ദിവ്യകാരുണ്യ പ്രദിക്ഷണവും വൈദികര്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ നിരവധി യുവജനങ്ങള്‍ തീർത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അപേക്ഷ നല്‍കിയിരിന്നു.

തിങ്കളാഴ്ച്ചയാണ് തീർത്ഥാടകരുടെ പേരുകൾ ദേശീയ മെത്രാന്‍ സമിതി പ്രഖ്യാപിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള തൻ്റെ ഇഷ്ടത്തിലാണ് ഇതില്‍ പങ്കുചേരുന്നതെന്നും യേശു ഒരുക്കുന്ന അത്ഭുങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വാഷിംഗ്ടൺ ഡിസിയിൽ ബിരുദ പഠനം നടത്തുന്ന ജർമ്മനി സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ കെയ് വെയ്‌സ് പറഞ്ഞു. അമേരിക്കയില്‍ ദിവ്യകാരുണ്യ ആഭിമുഖ്യം വളര്‍ത്തുന്നതിനായുള്ള വിവിധ പരിപാടികളുടെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.

ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തിയിരിന്നു. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നാണ് കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉപയോഗിക്കേണ്ട തിരുവോസ്തി സൂക്ഷിക്കുന്നതിനുള്ള അരുളിക്ക അന്നു പാപ്പ ആശീര്‍വദിച്ചിരിന്നു.


Related Articles »