News - 2025

അജപാലന സേവനങ്ങൾക്ക് പ്രാധാന്യം; മേരി മേജർ ബസിലിക്കയിലെ വൈദികരുടെ ഉത്തരവാദിത്വങ്ങൾ പുനർനിർണയിച്ച് മാർപാപ്പ

പ്രവാചകശബ്ദം 22-03-2024 - Friday

വത്തിക്കാന്‍ സിറ്റി: അജപാലന, ആത്മീയ സേവനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ റോമിലെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജർ ബസിലിക്കയുടെ ചുമതലയുള്ള വൈദികരുടെ ഉത്തരവാദിത്വങ്ങൾ ഫ്രാൻസിസ് മാർപാപ്പ പുനർനിർണയിച്ചു. ബുധനാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ദേവാലയത്തിന്റെ ചുമതലയുള്ള വൈദികരുടെ കൂട്ടായ്മയ്ക്ക് സാമ്പത്തിക, നടത്തിപ്പ് ചുമതലകളിൽ നിന്ന് മോചനം നൽകി അവരെ പൂർണമായി കൂടുതൽ ഊർജ്ജസ്വലതയോടു കൂടി തീർത്ഥാടകരുടെ ആത്മീയ, അജപാലന സേവനത്തിന് ലഭ്യമാക്കുക എന്നതാണ് താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാർച്ച് 20ലെ പേപ്പൽ ഡിക്രിയിൽ പാപ്പ പറയുന്നു.

ബസിലിക്കയുടെ ഭരണകാര്യങ്ങളുടെ ചുമതല ലിത്വാനിയൻ മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് റോലാണ്ടോസ് മാക്രിക്കാസിനെ പാപ്പ ഭരമേല്‍പ്പിച്ചു. ബസിലിക്കയുടെ നടത്തിപ്പ് കാര്യങ്ങളെപ്പറ്റിയുള്ള വിശകലനം നടത്താൻ വേണ്ടി 2021 ഡിസംബർ മാസത്തില്‍ ആർച്ച് ബിഷപ്പിനെ പാപ്പ നിയമിച്ചിരിന്നു. ഇതിനെത്തുടർന്ന് എക്സ്ട്രാ ഓർഡിനറി കമ്മീഷണർ എന്ന പദവിയിൽ ബസലിക്ക സംബന്ധമായ സാമ്പത്തിക കാര്യങ്ങളിൽ അടക്കം അദ്ദേഹം പഠനം നടത്തിയിരിന്നു. ഇദ്ദേഹം ആയിരിക്കും ബസിലിക്ക ദേവാലയത്തിന്റെ കോ അഡ്‌ജുറ്റോർ പദവി വഹിക്കുക.

റോമിലെ 4 പേപ്പൽ ബസലിക്കകളിൽ ഒന്നാണ് മേരി മേജർ ബസിലിക്ക. വിശുദ്ധ ലൂക്ക വരച്ചതാണ് എന്ന് കരുതപ്പെടുന്ന ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചു നിൽക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ സാലുസ് പോപ്പുലി റൊമാനി എന്ന പേരുള്ള പ്രശസ്തമായ ചിത്രം ഈ ബസിലിക്കയിലാണ് വണക്കത്തിന് വച്ചിരിക്കുന്നത്. അപ്പസ്തോലിക പര്യടനങ്ങൾക്ക് പോകുന്നതിനുമുമ്പും, ശേഷവും ഫ്രാൻസിസ് മാർപാപ്പ ഇവിടെയെത്തി ചിത്രത്തിനു മുന്നിൽ പ്രാർത്ഥിക്കാറുണ്ട്. 2023 ഡിസംബർ മാസത്തില്‍ 'എൻ പ്ലസ്'എന്ന മെക്സിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മരണശേഷം ഈ ബസിലിക്കയിൽ അടക്കം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നു പാപ്പ പറഞ്ഞിരിന്നു.


Related Articles »