News

1500 മൈൽ കാല്‍നട ദിവ്യകാരുണ്യ തീർത്ഥാടനത്തിന് വൈദികൻ തയാറെടുക്കുന്നു

പ്രവാചകശബ്ദം 01-04-2024 - Monday

വാഷിംഗ്ടണ്‍ ഡി‌.സി: തൻ്റെ കാല്‍ നൂറ്റാണ്ട് നീണ്ട പൗരോഹിത്യ ജീവിതത്തിനു നന്ദിയുടെ സമര്‍പ്പണവുമായി 1500 മൈൽ നീണ്ട കാല്‍നട ദിവ്യകാരുണ്യ തീർത്ഥാടനം നടത്തുവാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഫാ. റോജർ ലാൻഡ്രി. ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ചു നടക്കുന്ന അമേരിക്കന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്ന നാല് റൂട്ടുകളിലൊന്ന് മുഴുവനായും നടക്കാൻ പ്രതിജ്ഞയെടുത്ത ഒരേയൊരു വൈദികനാണ് ലാൻഡ്രിയെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ദിവ്യകാരുണ്യ ഭക്തി ആഴപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീർത്ഥാടനം.

ഓരോ റൂട്ടിലും ആറ് പേർ എന്ന നിലയില്‍ 19 നും 29 നും ഇടയിൽ പ്രായമുള്ള, 24 "ശാശ്വത തീർത്ഥാടകർ" വെയിലും മഴയും അവഗണിച്ച് ഈശോയ്ക്കു സാക്ഷ്യം വഹിക്കാനാണ് ഒരുങ്ങുന്നത്. 6,500 മൈലിലധികം ദൂരം നാല് വ്യത്യസ്ത വഴികളിലൂടെ നടന്ന് സഞ്ചരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ജൂലൈ മാസത്തില്‍ ഇന്ത്യാനപോളിസില്‍ എത്തുവാനാണ് ഇവരുടെ തീരുമാനം. ഇതില്‍ ഒരു റൂട്ടില്‍

നിലവിൽ ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്സിറ്റി ചാപ്ലിനായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാൻഡ്രിയും ചേരാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.

തന്റെ പൌരോഹിത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട ജൂബിലി ആഘോഷിക്കുന്നതിനുള്ള മികച്ച മാർഗമാണിതെന്ന് ഫാ. ലാൻഡ്രി പറയുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റണിൻ്റെ പേരിലുള്ള കണക്റ്റിക്കട്ടിലെ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടനം സെറ്റോൺ റൂട്ടിലൂടെയാകും മുന്നോട്ടുപോകുക. ദിവ്യകാരുണ്യ തീർത്ഥാടനത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ അനുഗമിക്കാൻ കഴിയുന്ന ഒരേയൊരു വൈദികനാകുകയെന്നത് കർത്താവിൻ്റെ അസാധാരണമായ സമ്മാനമായി നന്ദിയോടെ കണക്കാകുകയാണെന്ന് അദ്ദേഹം പറയുന്നു. ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.


Related Articles »