India - 2025
സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകള്‍, 59 മെത്രാന്മാര്‍
അമല്‍ സാബു 21-08-2016 - Sunday
കൊച്ചി : ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാര്‍ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പുതിയ രണ്ടു മെത്രാന്മാര്‍ നിയുക്തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി സഭയ്ക്ക് എക്‌സാര്‍ക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ 29 രൂപതകളാണു സഭയ്ക്കുള്ളത്. ചിക്കാഗോ, മെല്‍ബണ്‍, പ്രിസ്റ്റണ്‍ എന്നിവയാണു ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാര്‍ ശുശ്രൂഷ ചെയ്യുന്നു.
ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ്. മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.
അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചെങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍. പുതിയതായി രൂപീകൃതമായ പ്രസ്റ്റണ്‍ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഭയ്ക്കുള്ളത്.
എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികള്‍ (585000). ചെങ്ങനാശേരി അതിരൂപതയില്‍ 396500 പേരുണ്ട്. 2875 ഇടവകകള്‍ സഭയിലുണ്ട്. 4065 രൂപത വൈദികരും 3540 സന്യാസസമൂഹങ്ങളിലെ വൈദികരും 36000 സന്യാസിനികളും സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നു. സഭയിലെ 5048 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 3141 സന്നദ്ധസ്ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.