News - 2024

ഹെയ്തിയില്‍ സെമിനാരിയ്ക്കു നേരെ മാഫിയ സംഘത്തിന്റെ ആക്രമണം

പ്രവാചകശബ്ദം 03-04-2024 - Wednesday

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്തിയില്‍ സായുധ മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കലാപം തുടരുന്നതിനിടെ മൈനര്‍ സെമിനാരിയ്ക്കു നേരെ ആക്രമണം. സ്പിരിറ്റൻ ഫാദേഴ്സിന്റെ മേല്‍നോട്ടത്തിലുള്ള മൈനർ സെമിനാരി, ക്രിമിനൽ സംഘങ്ങൾ ഏപ്രിൽ 1നു ആക്രമണത്തിന് ഇരയാക്കിയതായി ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സാണ് അറിയിച്ചത്. കംപ്യൂട്ടർ മുറികളും നിരവധി വാഹനങ്ങളും കത്തിച്ച അക്രമികള്‍ സെമിനാരി ലൈബ്രറി കൊള്ളയടിച്ചു. മാർച്ച് ആരംഭം മുതൽ, ഹെയ്തിയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം ക്രമാതീതമായി വഷളായിരിക്കുകയാണ്.

സ്പിരിറ്റൻ ഫാദേഴ്സിന് തങ്ങളുടെ പ്രാർത്ഥന ഉറപ്പു നൽകുകയാണെന്ന്‍ ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സ് അറിയിച്ചു. കനത്ത ആയുധധാരികളായ വ്യക്തികൾ കൊള്ളയടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സഭയുടെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെ മാത്രം സേവിക്കുന്ന ആളുകളെ അക്രമികള്‍ ആക്രമിക്കുകയാണ്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും നീതി കെട്ടിപ്പടുക്കാനും എല്ലാ ജനങ്ങളും സഹിഷ്ണുതയോടെ ജീവിക്കുന്ന സാഹചര്യം സംജാതമാകാനും പ്രാര്‍ത്ഥിക്കുകയാണെന്നും ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു.

ഒമ്പത്‌ ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ ‘ജി-9’ ആണ് െഫബ്രുവരി അവസാനംമുതൽ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയിൽ കലാപം ആരംഭിച്ചത്. രാജിവെച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തരയുദ്ധമാരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാർബിക്യു ചെറിസിയർ ഭീഷണിമുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻ‍റി ഇതിനിടെ രാജിവെച്ചു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


Related Articles »