News - 2025
ഹെയ്തിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്‍റ് തകര്‍ത്ത് സായുധ സംഘം
പ്രവാചകശബ്ദം 05-11-2024 - Tuesday
പോർട്ട്-ഓ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോൺവെന്‍റിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. രാജ്യ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ബാസ് ഡെൽമാസിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കോൺവെൻ്റ് രാത്രിയിൽ എത്തിയ സായുധ സംഘം ആക്രമിക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍വെന്‍റും അതിനോട് ചേർന്നുള്ള ഡിസ്പെൻസറിയും കൊള്ളയടിച്ച അക്രമികള്‍ ഇവ അഗ്നിയ്ക്കിരയാക്കി.
ഒക്ടോബര്‍ അവസാനവാരത്തില്‍ നടന്ന അക്രമം സിസ്റ്റർ പേസി കമില്യന്‍ മിഷ്ണറി വൈദികനായ ഫാ. സിപ്രിയൻ വഴിയാണ് പുറംലോകത്തെ അറിയിച്ചത്. ഹെയ്തിയിലെ ഏറ്റവും ദുർബലരായ സമൂഹത്തിന് വലിയ കൈത്താങ്ങ് പകരുന്നവരായിരിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം. കോണ്‍വെന്‍റിനോട് ചേര്‍ന്നുള്ള ഡിസ്പന്‍സറി വഴി ഈ കത്തോലിക്ക സന്യാസിനികള്‍ ഓരോ വർഷവും ഏകദേശം 1,500 കിടപ്പുരോഗികൾക്കും 30,000 ഔട്ട്‌പേഷ്യൻ്റ്‌സിനും സൗജന്യ വൈദ്യസഹായം ലഭ്യമാക്കിയിരിന്നു.
അഗ്നിയ്ക്കിരയാക്കുന്നതിന് മുന്‍പ് കോണ്‍വെന്‍റില്‍ നിന്നു മോഷ്ടിച്ച വസ്തുക്കൾ ഇപ്പോൾ സാൻ ജോസ് സ്കൂളിന് സമീപമുള്ള മാർക്കറ്റിൽ പരസ്യമായി വിൽക്കുകയാണെന്ന് സിസ്റ്റർ പേസി വെളിപ്പെടുത്തി. തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന രോഗികൾക്ക് ഭക്ഷണവും ചികിത്സയും മറ്റു ശുശ്രൂഷകളും നൽകുകയെന്ന ലക്ഷ്യത്തോടെ 1979-ൽ വിശുദ്ധ മദർ തെരേസയാണ് ഉപവിയുടെ സഹോദരിമാരുടെ ഈ മഠം രാജ്യത്തു തുറന്നത്. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി.