India - 2024

മിഷൻ പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ പരമവും പ്രധാനവുമായ ദൗത്യം: മാര്‍ റാഫേല്‍ തട്ടില്‍

പ്രവാചകശബ്ദം 12-04-2024 - Friday

തൃശൂര്‍: മിഷൻ പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ പരമവും പ്രധാനവുമായ ദൗത്യമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ എന്ന അല്മായ പ്രേഷിത മുന്നേറ്റം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സഭയുടെ എല്ലാ സാധ്യതകളും സ്വാധീനവും മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ഇത് അഞ്ചാം തവണയാണ് ഫിയാത്ത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ 55 സ്റ്റാളുകളാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷണറി സമൂഹങ്ങള്‍ കൂടാതെ കെനിയ മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിഷന്‍ സ്റ്റാളുകളും ഉണ്ട് എന്നുള്ളത് ഇത്തവണത്തെ സവിശേഷതയാണ്. മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി, ടെലിഫിലിം പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, മത്സരങ്ങള്‍, വൈകീട്ട് മ്യൂസിക് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ‍എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ദിവസവും രാവിലെ 10മുതല്‍ വൈകീട്ട് 6 വരെയാണ് എക്‌സിബിഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. വിവിധ ഇടവകകളില്‍ നിന്ന് മതബോധന വിദ്യാര്‍ത്ഥികളും ഇടവകാംഗങ്ങളും സംഘം ചേര്‍ന്ന് എക്‌സിബിഷന്‍ കാണുന്നതിനും മിഷനെ അറിയുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഏപ്രില്‍ 14ന് മിഷന്‍ എക്‌സിബിഷന് സമാപനമാകും.


Related Articles »