India
കുപ്രചാരണങ്ങളെ തടയാൻ വൈദികരും സന്യസ്‌തരും സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം: മാർ പ്രിൻസ് പാണേങ്ങാടൻ
പ്രവാചകശബ്ദം 19-04-2024 - Friday
തിരുവമ്പാടി: ആധുനിക കാലഘട്ടത്തിൽ സമൂഹ മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച് സഭയ്ക്കെതിരായ കുപ്രചാരണങ്ങളെയും അപവാദങ്ങളെയും തുറന്നു കാട്ടി വൈദികരും സന്യസ്‌തരും സമർപ്പിതരും മുന്നേറണമെന്ന് അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് പാരിഷ് ഹാളിൽ നടന്ന താമരശേരി രൂപതാ വൈദിക-സന്യസ്‌ത അസംബ്ലി (അർപ്പിതം 2024)യിൽ 'സമർപ്പിതരും വൈദികരും പ്രതിസന്ധികളെ അതിജീവിച്ച് വചനത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകേണ്ടതെങ്ങനെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
കാലഘട്ടത്തിൻ്റെ അടയാളങ്ങൾ നാം തിരിച്ചറിയണം. കത്തോലിക്ക സഭയെ താറടിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. അതിനു പിന്നിൽ വ്യക്തമായ അജണ്ടകളുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്‌തു മതത്തെയും സമർപ്പിതരെയും വൈദികരെയും അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചും ക്രിസ്‌തു മതത്തെക്കുറിച്ചും തെറ്റിദ്ധാരണജനകമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനു മറുപടി പറയാൻ സമൂഹ മാധ്യമങ്ങൾ തന്നെ ഉപയോഗപ്പെടുത്തണം. യഥാർത്ഥ വസ്തുത ജനത്തെ അറിയിച്ചാൽ മാത്രമേ ആധുനിക കാലഘട്ടത്തിൽ സഭയ്ക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു.
സമൂഹ മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനും സഭയുടെ നിലപാടുകൾ അറിയിക്കാനും പ്രയോജനപ്പെടുത്തണം. രാപകലില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ സംവദിച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരണം. സമർപ്പിതരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുമ്പോൾ അവർ യഥാർത്ഥ വസ്‌ത സമൂഹ മാധ്യമങ്ങളിലൂടെ ഉറക്കെ വിളിച്ചു പറയണം. പ്രേഷിത പ്രവർത്തനമാണ് സഭയുടെ ജീവാത്മാവ്. പ്രേഷിത പ്രവർത്തനം ശക്തിപ്പെടുത്തണം. സമർപ്പിത ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വൈദികർക്കും സന്യസ്‌തർക്കുമാകണം. യേശുവിനെ കണ്ടെത്താനാണ് സമർപ്പിതരും വൈദികരും ജീവിതം ഉപേക്ഷിക്കുന്നത്. നഷ്ടപ്പെടുത്തിയതിനേക്കാൾ വലുത് യേശുവിൽ കണ്ടെത്തേണ്ടവരാണ് സമർപ്പിതരെന്നും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പറഞ്ഞു.