India - 2025
"ബിജെപി അനുകൂല പരാമർശം ലത്തീൻ സഭയുടേയോ ഔദ്യോഗിക നിലപാടല്ല"
പ്രവാചകശബ്ദം 20-04-2024 - Saturday
ആലപ്പുഴ: ജീവദീപ്‌തി മാസികയിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യയെ ആര് നയിക്കണം' എന്ന ലേഖനത്തിലെ ബിജെപി അനുകൂല പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ലേഖകനും ആലപ്പുഴ രൂപതാ പിആർഒയുമായ ഫാ. സേവ്യർ കുടിയാംശേരി. ലേഖനം തന്റെ വ്യക്തിപരമായ അഭിപ്രായവും ദർശനവുമാണെന്നും ആലപ്പുഴ രൂപതയുടേയോ ലത്തീൻ സഭയുടേയോ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
മാസികയുടെ എഡിറ്റർ ആവശ്യപ്പെട്ടതു പ്രകാരം വിമർശനാത്മകമായ രാഷ്ട്രീയ ദാർശനിക പഠന ലേഖനമാണ് താൻ എഴുതിയതെന്നും ലേഖനം പൂർണമായി വായിക്കുന്ന ആർക്കും അതു മനസിലാകുമെന്നും വിശദീകരിച്ച അദ്ദേഹം താൻ ഒരു പാർട്ടിയോടും പക്ഷംചേരുന്ന ആളല്ലെന്നും വ്യക്തമാക്കി.“താൻ ഒരു പാർട്ടിയുടേയും സഹയാത്രികനല്ല, എന്നാൽ, എല്ലാ പാർട്ടികളോടും അടുപ്പമുണ്ട്. ആരോടും അകൽച്ചയുമില്ല-" ഫാ. കുടിയാംശേരി പറഞ്ഞു. ജീവദീപ്തി മാസികയിലെ ലേഖനത്തിലെ പരാമർശങ്ങളെ മുൻനിർത്തി ല ത്തീൻ സഭയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചരണം അവാസ്തവമാണെന്ന് കെആർഎൽസിസി നേരത്തെ പ്രതികരിച്ചിരുന്നു.