News

തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

പ്രവാചകശബ്ദം 20-04-2024 - Saturday

ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചില രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സ്കൂൾ അധികൃതർക്കെതിരെ കേസ്. ഇതിനിടെ സ്‌കൂൾ മാനേജ്മെൻ്റിൻ്റെ പരാതിയിൽ അക്രമികൾക്കെതിരെ ഡണ്ഡപള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അക്രമാസക്തമായ ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നും എന്നാൽ ചെറിയ കുറ്റങ്ങള്‍ ചുമത്തി അവരെ ഉടന്‍ വിട്ടയച്ചുവെന്നും സ്കൂള്‍ അധികൃതരെ ഉദ്ധരിച്ച് 'യു‌സി‌എ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവി നടപടികളെ കുറിച്ച് തീരുമാനിക്കാൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണെന്നും സ്കൂള്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്കൂ‌ൾ അധികൃതർക്കെതിരെ 153 (എ), 295 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സ്‌കൂളിൽ അതിക്രമിച്ചുകയറിയ അക്രമികൾ സ്‌കൂൾ മാനേജറെ അക്രമിക്കുകയും ക്ലാസ്‌മുറിയിലെ ജനാലകളുൾപ്പടെ അടിച്ചു തകർക്കുകയും ചെയ്തു‌. മദർ തെരേസയുടെ രൂപവും പ്രവേശന കവാടവുമുൾപ്പടെ അക്രമികൾ തകർത്തു. ഈ വകയിൽ 30,000 രൂപയുടെ നഷ്ടമുണ്ടായതായും സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.

സ്കൂള്‍ യൂണിഫോമിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം ധരിച്ചു വന്നതിന് വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ സ്കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ കാരണം ചോദിക്കുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം മാറ്റി വരണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നു സ്‌കൂൾ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നൂറുകണക്കിന് ഹനുമാൻസേന പ്രവർത്തകർ അടങ്ങുന്ന സംഘമാണ് സ്കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഇതിനിടെ തെലങ്കാനയിലെ എക്യുമെനിക്കൽ ബോഡി ഫെഡറേഷൻ ഓഫ് ചർച്ച് അക്രമത്തെ അപലപിച്ചു. ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ അധികാരപരിധിയിലുള്ള റീജിയണൽ തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കൗൺസിലിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അലോഷ്യസ് എഫ്രേം രാജു അലക്‌സ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മദര്‍ തെരേസ സ്കൂളിന് നേരെയുണ്ടായ ആക്രമണം.


Related Articles »