News

ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി - സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി

പ്രവാചകശബ്ദം 03-05-2024 - Friday

തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു.

ബസിലിക്ക ഇടവകയിൽ താമസിക്കുന്ന തൃശൂർ തലക്കോട്ടുകര തേർമഠം ടി. എൽ. തോമസിന്റെയും റോസിയുടെയും ഇളയമകനായ ജോസഫ് തേർമഠത്തിനു ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഉണ്ടായിരിന്നില്ല. വൈദികനാകണമെന്നു ബാല്യത്തിലേ മനസിലുറപ്പിച്ചു വളർന്ന ജോസഫിന് പരിമിതികൾ തടസമാകുമോയെന്ന ഭയം പണ്ട് മുതലേ ഉണ്ടായിരിന്നു. ആ സമയത്താണ് കാഴ്ച‌യില്ലാത്ത ഒരാൾ വൈദികനായ വാർത്ത അറിഞ്ഞത്. ഇതോടെ വൈദികനാകണമെന്ന ജോസഫിൻ്റെ മോഹം വീണ്ടും ശക്തമായി. മാതാപിതാക്കളും പിന്തുണച്ചു.

പിതാവ് തോമസിന് മുംബൈയിൽ ഇൻഷുറൻസ് കമ്പനിയിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ മുംബൈയിലാണ് പഠിച്ചതും വളർന്നതും. ബി.എസ്‌സി. സുവോളജി പഠനം പൂർത്തിയാക്കി. ജ്യേഷ്ഠസഹോദരൻ യു.എസിൽ പഠിക്കാൻ പോയപ്പോൾ അവിടെ ബന്ധുവായ മറ്റൊരു വൈദികൻ പറഞ്ഞാണ് ഡൊമിനിക്കൻ മിഷ്ണറി ഫോർ ഡെഫ് എന്ന സെമിനാരി ഉള്ളതായി അറിഞ്ഞത്. ഈ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി അമേരിക്കയിലേക്ക് യാത്രയായി. അവിടെ ഡൊമിനിക്കൻ മിഷ്ണറീസ് ഓഫ് ദ ഡഫ് സന്യാസ സമൂഹത്തിന്റെ സെമിനാരിയിൽ ചേർന്നു. 2012ൽ നിത്യവ്രതമെടുത്തു.

അപ്പോഴാണ് കേൾവി വെല്ലുവിളി നേരിടുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സമൂഹത്തെപ്പറ്റി അറിയുന്നതും 2017ൽ ഹോളിക്രോസ് സമൂഹാംഗമാകുന്നതും. കോട്ടയം അയ്മനത്ത് കേൾവി - സംസാര വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ലാസുകളും പരിശീലനങ്ങളും നടത്തുന്ന നവധ്വനി എന്ന സ്ഥാപനം ഹോളി ക്രോസ് സന്യാസ സമൂഹം നടത്തുന്നുണ്ടായിരിന്നു. ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ബധിര-മുകർക്കായുള്ള പ്രത്യേക മിനിസ്ട്രിക്കു നേതൃത്വം നൽകുന്ന ഫാ. ബിജു മൂലക്കര സ്ഥാപിച്ച നവധ്വനിയിലെത്തി ജോസഫ് തേർമഠം പരിശീലനം നേടി.

2008ൽ ആംഗ്യഭാഷയിൽ പ്രഥമദിവ്യബലി അർപ്പിച്ച ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബിജു മൂലക്കര. നവധ്വനിയിലെ പരിശീലനത്തിനുശേഷം പൂനയിലെ ഹോളിക്രോസ് സെമിനാരിയിലെത്തിയ ജോസഫ് വൈദികപഠനം പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് യേർക്കാട്ടുള്ള ആശ്രമത്തിൽ ഒരു വർഷത്തെ നോവിഷ്യേറ്റ് പൂർത്തിയാക്കി പ്രഥമ വ്രതവാഗ്‌ദാനം നടത്തി. ഫാ. ബിജു മൂലക്കരയുടെ കീഴിൽ വൈദികകർമങ്ങൾ പഠിച്ച ശേഷം കഴിഞ്ഞ ഒരു മാസമായി വൈദികനാകാനുള്ള അവസാനവട്ട പരിശീലനവും നവധ്വനിയിൽ പൂർത്തിയാക്കി. സ്വപ്നസാഫല്യം നേടി ബസിലിക്കയിൽ ഫാ. ജോസഫ് തേർമഠം പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ശബ്ദം നല്‍കിയതും ഫാ. ബിജു മൂലക്കരയായിരിന്നു.

വൈദികനായി ഹോളിക്രോസ് സമൂഹത്തിന്റെ ബധിര-മൂകർക്കായുള്ള മിനിസ്ട്രിയിൽ പ്രവർത്തിക്കാനാണ് ഡീക്കൻ ജോസഫിൻ്റെ തീരുമാനം. പള്ളികളിൽ ബധിരർക്കായുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കാൻ നേതൃത്വം നൽകും. ആഗോള കത്തോലിക്കാ സഭയിൽ ഇരുപത്തിയഞ്ചില്‍ അധികം ബധിര വൈദികർ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ബധിരസമൂഹത്തിൽനിന്ന് ഒരാൾ വൈദികപദവിയിലെത്തുന്നത്.

തിരുപ്പട്ട ശുശ്രൂഷകളിൽ ഹോളിക്രോസ് സമൂഹത്തിന്റെ വികാരി ജനറാൾ മോൺ. ഇമ്മാനുവൽ കല്ലറയ്ക്കൽ ആർച്ച്ഡീക്കനായി. ജോസഫ് തേർമഠത്തിന്റെ പിതൃസഹോദരൻ ഫാ. ജോർജ് തേർമഠം മുഖ്യസഹകാർമികനായി. ഹോളി ക്രോസ് സൗത്ത് ഇന്ത്യൻ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. റോക് ഡിക്കോസ്റ്റ, ഫാ. ജോയ് വെള്ളാട്ടുകാരൻ, ഫാ. ബിജു മൂലക്കര, ഫാ. ജോർജ് കളരിമുറിയിൽ എന്നിവർ സഹകാർമികരായിരുന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »