India - 2024

കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

പ്രവാചകശബ്ദം 25-05-2024 - Saturday

മാവേലിക്കര: കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. ഡ്രൈ ഡേ എടുത്തുകളയാനും ബാർ പ്രവർത്തനസമയം വർധിപ്പിക്കാനുമുള്ള സർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി വരുത്തുന്ന ഇത്തരം പിന്തിരിപ്പൻ നയങ്ങളെ അതിശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥതലത്തിലും ഭരണകക്ഷി നേതാക്കളിലും അഭിപ്രായസമന്വയം നടത്തി ബാർ കോഴയ്ക്ക് സാധ്യത നൽകുന്ന, മദ്യനയം പുതുക്കാനുള്ള തന്ത്രപരമായ നീക്കം അടിയന്തരമായി പിൻവലിക്കണം. ബാറുകളുടെ എണ്ണം കുറയ്ക്കാനും പടിപടിയായി മദ്യവിൽപന കുറയ്ക്കാനുമുള്ള ഇടതുപക്ഷ സർക്കാരിൻ്റെ പ്രകടനപത്രികയിലെ തെരഞ്ഞെടുപ്പു വാഗ്ദ്ധാനം കാറ്റിൽ പറത്തി മദ്യ ഉപയോഗവും മദ്യ വിൽപനയും പതിന്മടങ്ങായി വർധിച്ചിരിക്കുന്നു.

ടൂറിസത്തിൻ്റെ മറവിൽ മദ്യവ്യവസായത്തിന് പച്ചക്കൊടി കാണിക്കുന്ന സർക്കാർ അടുത്ത തലമുറയുടെ വികസനസ്വപ്‌നങ്ങൾക്കു കത്തിവയ്ക്കുകയാണ്.വിശാലമായ മനുഷ്യനന്മയും സാമൂഹ്യസുരക്ഷയും മുൻനിർത്തി അടിയന്തരമായി പുതിയ മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.


Related Articles »