News - 2024

തിരുക്കല്ലറ ദേവാലയത്തില്‍ എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ബലിപീഠം കണ്ടെത്തി

പ്രവാചകശബ്ദം 18-07-2024 - Thursday

ജെറുസലേം: യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറയില്‍ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപ്പല്‍ക്കര്‍ ദേവാലയത്തില്‍ കുരിശുയുദ്ധ കാലഘട്ടത്തിലെ ബലിപീഠം കണ്ടെത്തി. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസ് ഗവേഷകരാണ് എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 1149-ൽ സമർപ്പിക്കപ്പെട്ട ബലിപീഠത്തിന് 3.5 മീറ്റർ (ഏകദേശം 11 അടി) വീതിയുണ്ട്. ഇത് ഇന്നുവരെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള മധ്യകാല ബലിപീഠമായാണ് കണക്കാക്കുന്നത്.

1808-ൽ പള്ളിയുടെ റോമനെസ്ക് വിഭാഗത്തിൽ തീപിടുത്തമുണ്ടാകുന്നതിന് മുന്‍പ് വരെ ഈ ബലിപീഠം എണ്ണമറ്റ തീർത്ഥാടകർക്ക് ദൃശ്യമായിരിന്നുവെന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ശ്രദ്ധ നേടിയ സ്ഥലമായതിനാല്‍ തിരുക്കല്ലറ പള്ളി ഗവേഷകർക്കും പുരാവസ്തു ഗവേഷകർക്കും ഏറെ ശ്രദ്ധാകേന്ദ്രമായിരിന്നു. പുതിയതായി കണ്ടെത്തിയ ബലിപീഠം, അനേകം ടൺ ഭാരമുള്ള ഒരു ഗ്രാഫിറ്റി പൊതിഞ്ഞ ശിലാഫലകത്തിന് പിന്നിൽ കാഴ്ചയിൽ മറഞ്ഞിരിക്കുകയായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

1149-ൽ കുരിശുയുദ്ധക്കാരുടെ നിയന്ത്രണത്തില്‍ ജെറുസലേം നിലനില്‍ക്കുന്ന കാലത്താണ് ബലിപീഠം സ്ഥാപിച്ചതെന്നു അനുമാനിക്കപ്പെടുന്നു. ഒന്നാം കുരിശുയുദ്ധത്തില്‍ നഗരം പിടിച്ചെടുത്ത് 50 വർഷത്തിനുശേഷം, ജെറുസലേം മഹത്തായ കെട്ടിട പദ്ധതികളിലൂടെയും വിശ്വാസപരമായ ചടങ്ങുകളിലൂടെയും അതിൻ്റെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചിരിന്നു. പുതുതായി കണ്ടെത്തിയ ഈ ബലിപീഠം ഹോളി സെപൽക്കർ ദേവാലയം പുനർപ്രതിഷ്ഠ നടത്തിയ സമയത്താണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


Related Articles »