News - 2024

ജെറുസലേമിലെ ക്രൈസ്തവര്‍ തിരുക്കല്ലറപ്പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി

പ്രവാചകശബ്ദം 24-10-2023 - Tuesday

ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ആയിരകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ വിശ്വാസികളും, വൈദികരും തിരുക്കല്ലറപ്പള്ളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തി. ക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുക്കല്ലറപ്പള്ളി സന്ദര്‍ശിക്കുവാനെത്തിയ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ വിശ്വാസികളും, വൈദികരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന വിശുദ്ധ പോര്‍ഫിരിയൂസിന്റെ ദേവാലയത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരിന്നു.

അയല്‍ക്കാരനോട് വിദ്വേഷം പുലര്‍ത്തുകയോ, യുദ്ധത്തിന് തയ്യാറെടുക്കുകയോ ചെയ്യുന്നവരായ എല്ലാവരിലും സമാധാനത്തിനുള്ള ആഗ്രഹം ഉണര്‍ത്തുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറോളം പേര്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ അഭയം തേടിയിട്ടുണ്ടായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ ദുഃഖം പങ്കുവെച്ചു.

സമാധാനം കൈവരുവാന്‍ വേണ്ടിയാണ് ഈ പ്രാര്‍ത്ഥനയെന്ന് ചടങ്ങില്‍ പങ്കെടുത്ത ലൂയീസാ വെരാക്ലാസ് പറഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരുന്ന ദേവാലയങ്ങള്‍ ഇപ്പോള്‍ ശൂന്യമാണെന്നും, സാധാരണഗതിയില്‍ ദേവാലയങ്ങള്‍ വിനോദസഞ്ചാരികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന ദേവാലയങ്ങളില്‍ ഇപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രായേല്‍ - ഗാസ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് നീങ്ങുകയാണ്. കാര്യങ്ങള്‍ ഇതിലും വഷളാകുമെന്നാണ് നിരീക്ഷണം.


Related Articles »