India - 2025

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

പ്രവാചകശബ്ദം 27-07-2024 - Saturday

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ കല്ലറയ്ക്കു സമീപം രൂപതയിലെ വൈദികരെയും വിശ്വാസികളെയും സാക്ഷിയാക്കി സീറോ മലബാർ സഭയുടെ തലവൻ തിരിതെളിച്ചതോടെ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാർത്താണ്ഡം ബിഷപ് വിൻസൻ്റ മാർ പൗലോസ് എന്നിവർ സഹകാർമികരായിരുന്നു. രൂപതയിലെ എല്ലാ വൈദികരും ഇടവകകളിൽ നിന്നും തെരഞ്ഞെടു ക്കപ്പെട്ട പ്രതിനിധികളും വിശുദ്ധ കുർബാനയിൽ പങ്കാളികളായി. അൽഫോൻസാമ്മയുടെ കബറിടത്തിനു സമീപം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജൂബിലി ദീപം തെളിച്ചു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ സന്ദേശം നൽകി. മന്ത്രി റോഷി അഗസ്തിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരിന്നു. സഭാ തലവനൊപ്പം രൂപത കുടുംബം ഒന്നാകെ ഒരുമിച്ചു കൂടുന്നത് പെന്തക്കുസ്‌താ അനുഭവമാണെന്നും ജൂബിലി ആഘോഷങ്ങൾ ലളിതവും ആത്മീയത നിറഞ്ഞതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ നന്ദിയര്‍പ്പിച്ചു.


Related Articles »