News - 2025
സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധം: മാര്‍ ജോസ് പൊരുന്നേടം
പ്രവാചകശബ്ദം 30-07-2024 - Tuesday
മാനന്തവാടി: കേരളത്തെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിലുണ്ടായ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്ന ബിഷപ്പ് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ മൂലം ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്കും സാധ്യമായ സഹായസഹകരണങ്ങള്‍ നല്കാന്‍ മാനന്തവാടി രൂപത സന്നദ്ധമാണെന്നു അറിയിച്ചു.
സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഈ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
ദുരന്തബാധിതപ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ അടിയന്തിരമായ സഹായസഹകരണങ്ങള്‍ക്ക് തയ്യാറാകണമെന്ന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാത്രവുമല്ല, രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാനേതൃത്വം അറിയിച്ചു. കാലാവസ്ഥ വളരെ വേഗം അനുകൂലമാകുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാകുന്നതിനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.