News - 2025
അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍
പ്രവാചകശബ്ദം 20-08-2024 - Tuesday
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും അധികം കുടിയേറ്റം നടത്തുന്നത് ക്രൈസ്തവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനിച്ച രാജ്യത്തിന് പുറത്ത് താമസിക്കുന്ന ലോകത്തിലെ 47% ആളുകളും ക്രൈസ്തവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമായ 2020 മുതലുള്ള ഡാറ്റയും 270 സെൻസസ് സർവേകളും അടിസ്ഥാനമാക്കിയാണ് പ്യൂ റിപ്പോർട്ട് തയാറാക്കിയത്.
280 ദശലക്ഷത്തിലധികം ആളുകൾ അഥവാ ലോക ജനസംഖ്യയുടെ 3.6% അന്തർദേശീയ കുടിയേറ്റക്കാരാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. മതാടിസ്ഥാനത്തില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഇസ്ലാം മതസ്ഥര്‍ രണ്ടാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 29% ഇസ്ലാം മതസ്ഥരാണ് കുടിയേറ്റം നടത്തിയിട്ടുള്ളത്. ഹൈന്ദവര്‍ 5%, ബുദ്ധമതക്കാർ 4%, ജൂതന്മാർ 1% എന്നീ നിലകളിലാണ് മറ്റ് മതസ്ഥരുടെ കുടിയേറ്റം. ജനിച്ച രാജ്യം വിട്ട് മറ്റിടങ്ങളില്‍ താമസിക്കുന്ന 13% മതം ഇല്ലായെന്ന് പറയുന്നവരുമുണ്ട്.
ക്രൈസ്തവരില്‍ കുടിയേറ്റത്തിന് ഏറ്റവും അധികം ശ്രമിക്കുന്നത് മെക്സിക്കോയില്‍ നിന്നാണ്. അവരുടെ ലക്ഷ്യസ്ഥാനം അമേരിക്കയാണ്. പൊതുവായ വിലയിരുത്തലില്‍ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനോ സമാനമായ മതവിശ്വാസം പുലർത്തുന്ന ആളുകൾക്കിടയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ് കുടിയേറ്റക്കാരില്‍ ഏറെയും. നിലവിലെ പശ്ചാത്തലത്തില്‍ അമേരിക്കയും ജര്‍മ്മനിയുമാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി ചേക്കേറുവാന്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.