News - 2024
ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
പ്രവാചകശബ്ദം 02-09-2024 - Monday
ലിമ: പെറുവില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദികനെ കാണാതായി നിരവധി ദിവസം നീണ്ട തിരച്ചിലിന് ശേഷം മിഷ്ണറി വൈദികനായ ഫ. ഗ്യൂസെപ്പെ (ജോസ്) മെസ്സെറ്റിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. എഴുപത്തിരണ്ടു വയസ്സുണ്ടായിരിന്നു. പെറുവിയൻ ആൻഡീസിലെ ജൗജ പ്രവിശ്യയിലെ റിക്രാൻ ജില്ലയുടെ ഉയർന്ന പ്രദേശത്താണ് കോംബോണി മിഷ്ണറി വൈദികനായ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി വൈദികൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഫെലിക്‌സ് മയോർക്ക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആഗസ്റ്റ് 30നു മരിച്ച വൈദികൻ ജൗജ പ്രവിശ്യയിൽ ഉൾപ്പെടുന്ന റിക്രാൻ ജില്ലയിലേക്ക് പുറപ്പെട്ടുവെന്ന് തർമയിലെ ബിഷപ്പ് മോൺസിഞ്ഞോർ ടിമോട്ടിയോ സോളോർസാനോ റോജാസ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. രാത്രി 8 മണിക്ക് അദ്ദേഹം കമ്മ്യൂണിറ്റി സെന്‍ററിലേക്ക് മടങ്ങേണ്ടതായിരുന്നു. സമയം പിന്നിട്ടിട്ടും വൈദികന്‍ എത്താത്തതിനെ തുടര്‍ന്നു സഭാനേതൃത്വം ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരിന്നു. തുടര്‍ന്നു നടത്തിയ തെരച്ചലില്‍ വൈദികന്റെ കാര്‍ മാത്രമേ കണ്ടെത്താനായുള്ളൂ. പിന്നീടാണ് വൈദികന്റെ മൃതശരീരം മറ്റൊരിടത്ത് കണ്ടെത്തിയത്.