Title News - 2024

തളരാതെ പ്രത്യാശയിൽ മുന്നേറുക: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ

പ്രവാചക ശബ്‌ദം 17-09-2024 - Tuesday

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് യുവാക്കളോട് ഫ്രാൻസിസ് പാപ്പാ.

2024 നവമ്പർ 24-ന് ആചരിക്കപ്പെടുന്ന മുപ്പതിയൊമ്പതാം ലോക യുവജനദിനത്തിനുള്ള സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകൾ ഉള്ളത്. ഈ സന്ദേശം സെപ്റ്റംബർ പതിനേഴാം തീയതി ചൊവ്വാഴ്ചയാണ് പരസ്യപ്പെടുത്തപ്പെട്ടത്.

ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും" എന്ന ഏശയ്യാ പ്രവാചകൻറെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യമാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ പ്രമേയത്തിൽ കേന്ദ്രീകൃതമായ പാപ്പായുടെ സന്ദേശം ജീവിത തീർത്ഥാടനവും അതിൻറെ വെല്ലുവിളികളും, മരുഭൂവിലെ തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നതിൽ നിന്ന് തീർത്ഥാടകരിലേക്ക്, പ്രേഷിതദൗത്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടകർ എന്നിങ്ങനെ 4 ഉപശീർഷകങ്ങളിലായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെ നാടകീയാവസ്ഥകൾക്ക് ഏറ്റവും കൂടുതൽ വില നല്കേണ്ടിവരുന്നത് പലപ്പോഴും യുവതീയുവാക്കളാണെന്നും കാരണം, അവർ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികൾ കാണാൻ കഴിയാത്ത അവസ്ഥയിലാകുകയും അങ്ങനെ, അവർ ആശയറ്റവരായി, വിരസതയുടെയും വിഷാദത്തിൻറെയും തടവുകാരായി ജീവിക്കേണ്ടി വരുന്ന അപകടത്തിലാകുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.

എന്നാൽ കർത്താവ് ഇന്നും അവർക്കു മുന്നിൽ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയിൽ സഞ്ചരിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, എന്നാൽ തളർച്ചയുണ്ടാകുമ്പോൾ അതിനുള്ള പ്രതിവിധി, വിശ്രമിക്കലല്ല, പ്രത്യുത, ഒരു വിരോധാഭാസമെന്നു തോന്നാമെങ്കിലും, യാത്ര തുടരുകയാണ്, പ്രത്യാശയുടെ തീർത്ഥാടകരാകുകയാണ് എന്ന് ഉദ്ബോധിപ്പിച്ചു

(Courtesy: Vatican News)