News

ദയാവധത്തിന് പച്ചക്കൊടി നല്‍കാന്‍ യു‌കെ; ജീവന് വേണ്ടി സ്വരമുയര്‍ത്തുവാന്‍ ബ്രിട്ടീഷ് മലയാളികള്‍ക്ക് ഇടയില്‍ ആഹ്വാനം

പ്രവാചകശബ്ദം 12-10-2024 - Saturday

ലണ്ടന്‍: ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി യു‌കെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത്. മാരകരോഗികൾക്ക് ജീവിതാവസാനം "തിരഞ്ഞെടുക്കുവാന്‍" അവസരം എന്ന പേരില്‍ അവതരിപ്പിക്കുന്ന ബിൽ എംപി കിം ലീഡ്ബീറ്റർ ഒക്ടോബർ 16-ന് അവതരിപ്പിക്കുവാനിരിക്കെ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. പാർലമെൻ്റംഗങ്ങൾ വിഷയം ചർച്ച ചെയ്യും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധത്തിന് പൂര്‍ണ്ണ അനുമതി നല്‍കുമെന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്.

ദയാവധ നീക്കത്തിനെതിരെ 'ഔര്‍ ഡ്യൂട്ടി ഓഫ് കെയർ' സംഘടനയുടെ ഡയറക്ടർ ഡോ. ഗില്ലിയൻ റൈറ്റ്, ലണ്ടനിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. ഡേവിഡ് റാൻഡൽ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിനില്‍ യു‌കെ‌യില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ പരിരക്ഷ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഈ ക്യാംപെയിനില്‍ പങ്കാളികളാകണമെന്ന ആഹ്വാനം യു‌കെ‌ മലയാളികള്‍ക്കു ഇടയില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്.

ഓരോ മനുഷ്യ ജീവൻ്റെയും അളവറ്റ മൂല്യവും അന്തർലീനമായ അന്തസ്സും കണക്കിലെടുത്ത് എല്ലാ സമൂഹങ്ങളിലും കൊലപാതക നിരോധനം നിലവിലുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതക നിരോധനമാണ് ജീവന്റെ സംരക്ഷണം. നിലവിലെ നിയമം ദുർബലർക്ക് സംരക്ഷണമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുവാനാണ് പുതിയ നിയമം ശ്രമിക്കുന്നതെന്നും ആരോഗ്യ പരിപാലന വിദഗ്ധർ എന്ന നിലയിൽ, രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പരിചരണത്തിൻ്റെ നിയമപരമായ കടമ തങ്ങള്‍ക്ക് ഉണ്ടെന്നും ഭാവി തലമുറകൾക്കു വേണ്ടി, തിടുക്കപ്പെട്ട് ഇത്തരം നിയമനിർമ്മാണത്തിലേക്ക് കടക്കരുതെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു.

- ദയാവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണ്. ഇതിനെതിരെ ധാര്‍മ്മിക മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപിടിക്കുന്ന മലയാളികള്‍ ഓണ്‍ലൈന്‍ ക്യാംപെയിനില്‍ ഒപ്പുവെയ്ക്കണമെന്ന ആഹ്വാനം ശക്തമാകുകയാണ്.

ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: ‍

** വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍: ‍

"ഡോക്ടറോ നഴ്സോ വൈദ്യശാസ്ത്രരംഗത്തെ സാങ്കേതിക വിദഗ്ധരോ മറ്റേതെങ്കിലും വ്യക്തിയോ തന്‍റെ തന്നെയോ മറ്റുള്ളവരുടെയോ ജീവന്‍റെ വിധിയാളുകളല്ല. നമ്മുടെ സമകാലീനരില്‍ ചിലര്‍ മനുഷ്യന്‍റെ സഹനത്തിന് ഒറ്റമൂലിയായി കാരുണ്യവധത്തെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കാരുണ്യവധം അതില്‍ തന്നെ ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവൃത്തിയാണ്‌. പ്രതീക്ഷയറ്റ മാറാരോഗികള്‍ കാരുണ്യവധം ആവശ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തേടുന്നത് ക്രൂരമായ വധമല്ല മറിച്ച് അവര്‍ തങ്ങളുടെ നിരാശയിലും സ്നേഹത്തിനുവേണ്ടി നിലവിളിക്കുകയാണ്".

(John Paul II, Address to European Congress of Anesthesiologists, September 1988).


Related Articles »