News - 2024

പരസഹായത്തോടെയുള്ള ദയാവധം: ബില്ലിനെ ശക്തമായ എതിർത്ത് വിർജീനിയയിലെ മെത്രാന്മാർ

പ്രവാചകശബ്ദം 08-02-2024 - Thursday

റിച്ച്മോണ്ട്: വിർജീനിയ സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയുടെ പരിഗണനയിലുള്ള പരസഹായത്തോടെയുള്ള ദയാവധ ബില്ലിനെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കന്‍ സംസ്ഥാനമായ വിർജീനിയയിലെ മെത്രാന്മാർ. നിസ്സഹായരെ കൂടുതൽ നിസ്സഹായരാക്കുന്ന ബില്ലാണ് ഇതെന്നും, അവരെ ഇത് മരണകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അര്‍ലിംഗ്ഡൺ മെത്രാനായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജും, റിച്ച്മോണ്ട് ബിഷപ്പ് ബാരി ക്നെസ്റ്റൗട്ടും മുന്നറിയിപ്പ് നൽകി.

മനുഷ്യജീവൻ എന്നത് പരിപാവനമാണെന്നും അത് ഒരിക്കലും ഉപേക്ഷിക്കപ്പെടാനോ, അവഗണിക്കപ്പെടാനോ പാടുള്ളതല്ലായെന്നും വിർജീനിയയിലെ മെത്രാന്മാരുടെ പ്രസ്താവനയിൽ പറയുന്നു. ചില സംസ്ഥാനങ്ങളിലെ ഇൻഷുറൻസ് കമ്പനികൾ കാൻസർ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിക്കുന്നുണ്ടെങ്കിലും, ദയാവധ മരുന്നുകൾക്ക് മരുന്ന് നൽകാൻ തയ്യാറാണെന്നത് വൈരുദ്ധ്യം നിറഞ്ഞ നടപടിയാണെന്നും മെത്രാന്മാർ എടുത്ത് പറഞ്ഞു. രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ചില സംഘടനകളും ഈ വിഷയത്തിൽ നേരത്തെ ആശങ്ക പങ്കുവെച്ചിരുന്നു.

ബില്ല് മുന്‍പോട്ട് പോകുന്ന അവസ്ഥാവിശേഷം ഞെട്ടിപ്പിക്കുന്നതും, വിഷമം ഉളവാക്കുന്നതുമാണെന്ന് പറഞ്ഞ മെത്രാന്മാർ, ബില്ലിനെ എതിർക്കാൻ ജനപ്രതിനിധികളോട് ആവശ്യപ്പെടണമെന്ന് ഇരു രൂപതകളിലെയും വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഡോക്ടറുടെയോ, മറ്റാരുടെയെങ്കിലും സഹായത്തോടെയോ ജീവൻ എടുക്കുന്നത് ഇപ്പോൾ ഉൾപ്പെടെ അമേരിക്കയുടെ കാലിഫോർണിയ, കൊളറാഡോ, ഹവായ്, മൊണ്ടാന, മെയ്ൻ, ന്യൂജേഴ്സി, ന്യൂ മെക്സിക്കോ, വെർമോണ്ട്, വാഷിംഗ്ടൺ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമവിധേയമാണ്. ഈ സംസ്ഥാനങ്ങൾ ന്യൂനപക്ഷമാണെങ്കിലും, മറ്റുള്ള സംസ്ഥാനങ്ങളിൽ ദയാവധം നിയമവിധേയമാക്കാനുള്ള ഊർജിതമായ ശ്രമത്തിനെതിരെ നിരവധി മെത്രാന്മാർ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »