News - 2025

അമേരിക്കയില്‍ തിരുപിറവി ദൃശ്യത്തിന് സമീപം സ്ഥാപിച്ച സാത്താനിക പ്രതിമ നീക്കം ചെയ്തു

പ്രവാചകശബ്ദം 14-12-2024 - Saturday

ബോസ്റ്റണ്‍: അമേരിക്കയിലെ ന്യൂ ഹാംപ്ഷയര്‍ സ്റ്റേറ്റ് ഹൗസിന് സമീപം ഒരുക്കിയിരുന്ന തിരുപ്പിറവി ദൃശ്യത്തിനടുത്തായി സ്ഥാപിച്ച സാത്താനിക പ്രദര്‍ശനം ആക്രമണങ്ങളില്‍ കേടുപാടുകള്‍ പറ്റിയതിനെത്തുടര്‍ന്ന് നീക്കം ചെയ്തു. ബോസ്റ്റണിലെ കോണ്‍കോര്‍ഡില്‍ സ്റ്റേറ്റ് ഹൗസിന് സമീപമുള്ള പൊതുസ്ഥലത്തായിരുന്നു വിവാദ രൂപം സ്ഥാപിച്ചിരുന്നത്. ഇതേസ്ഥലത്ത് സമാനമായ പ്രതിമ വീണ്ടും സ്ഥാപിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം സാത്താനിക സംഘടനയിലെ അംഗവും ന്യൂമാര്‍ക്കറ്റില്‍ നിന്നുള്ള ഡെമോക്രാറ്റിക്‌ പ്രതിനിധിയുമായ റീഡ് എല്ലെന്‍ വീണ്ടും പുതിയൊരു പ്രതിമ സ്ഥാപിക്കാന്‍ നോക്കുന്നുണ്ടെന്നാണ് പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സാത്താനിക് ടെമ്പിള്‍ എന്ന പൈശാചിക സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആടിന്റെ തലയോടുകൂടിയ കറുത്ത പൈശാചിക പ്രതിമ സ്ഥാപിച്ചത്. വൈദിക വസ്ത്രവും ഊറാറയ്ക്ക് സമാനമായ തുണിയും ധരിപ്പിച്ച പ്രതിമയുടെ വലതുകയ്യില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ ലിലാക്കും, ഇടതുകയ്യില്‍ ഒരു ആപ്പിളും ഉണ്ടായിരുന്നു. ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ആദത്തിന്റേയും, ഹവ്വയുടേയും പാപത്തിലേക്കുള്ള പതനത്തിന്റെ പ്രതീകമായാണ് ഈ 'ആപ്പിളിനെ ശ്രേഷ്ഠ'മായി അവതരിപ്പിച്ചത്. ആക്രമണങ്ങളില്‍ കഷണങ്ങളായി ചിതറിയ രൂപത്തിന്റെ അവശേഷിപ്പുകള്‍ സ്ഥാപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീക്കം ചെയ്തത്.

നഗരസഭയുടെ അനുവാദത്തോടെയാണ് സാത്താനിക പ്രതിമ സ്ഥാപിച്ചതെങ്കിലും മേയര്‍ ബൈറോണ്‍ ചാംപ്ളിന്‍ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിന്നു. പ്രദര്‍ശനത്തിന് നല്‍കിയ അനുവാദത്തെ എതിര്‍ക്കുകയാണെന്നും ഇതിന്റെ പിന്നിലെ ലക്ഷ്യം മത തുല്യതയല്ല, മറിച്ച് മതവിരുദ്ധ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് തിങ്കളാഴ്ച രാത്രി നടന്ന സിറ്റി കൗണ്‍സില്‍ മീറ്റിംഗിനിടെ മേയര്‍ പറഞ്ഞിരിന്നു. നേരത്തെ ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ പ്രാദേശിക സമിതി സിറ്റി പ്ലാസയില്‍ തിരുപ്പിറവി ദൃശ്യം സ്ഥാപിച്ചതിന് പിന്നാലെയാണ് പൈശാചിക രൂപവും സ്ഥാപിക്കപ്പെട്ടത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »