News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം “ദിലെക്സിത് നോസി”ന്‍റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
പ്രവാചകശബ്ദം 06-11-2024 - Wednesday
ന്യൂഡല്‍ഹി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ആഴമായ ഭക്തിയ്ക്കു ആഹ്വാനം നല്‍കി ഫ്രാൻസിസ് പാപ്പ എഴുതിയ പുതിയ ചാക്രികലേഖനത്തിന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി. 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" ചാക്രിക ലേഖനത്തിന്റെ ഇന്ത്യൻ പതിപ്പ് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ (CCBI) നവംബര്‍ 3-ന് ഡൽഹിയില്‍വെച്ചാണ് പ്രകാശനം ചെയ്തത്. ഹിന്ദിയിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിൻറെ ആദ്ധ്യാത്മിക ഗുണങ്ങൾ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതിൽ നിന്നുൾക്കൊള്ളാനും ഈ വിവർത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾക്ക് സഹായകമാകും എന്ന് സിസിബിഐയുടെ ജനറല്‍ സെക്രട്ടറിയും ഡൽഹി ആര്‍ച്ച് ബിഷപ്പുമായ അനിൽ ജോസഫ് കൂട്ടോ പ്രത്യാശ പ്രകടിപ്പിച്ചു.
വിശുദ്ധ മർഗരീത്ത മേരി അലക്കോക്കിന് തിരുഹൃദയ ദർശനം ഉണ്ടായതിൻറെ മുന്നൂറ്റിയമ്പതാം വാർഷികാഘോഷത്തിനിടെയാണ് പാപ്പ പുതിയ ചാക്രികലേഖനം പുറത്തിറക്കിയത്. 1673 ഡിസംബർ 27-നാണ് വിശുദ്ധ മേരി അലക്കോക്കിന് തിരുഹൃദയത്തിൻറെ പ്രഥമദർശനം ഉണ്ടായത്. ദർശനത്തിൻറെ വാർഷിക ദിനമായ 2023 ഡിസംബർ 27നു ആരംഭിച്ച ജൂബിലി ആചരണം 2025 ജൂൺ 25 വരെ നീളും.