News

5 വര്‍ഷങ്ങള്‍ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി

പ്രവാചകശബ്ദം 09-11-2024 - Saturday

പാരീസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ തകർത്ത വന്‍ അഗ്നിബാധയ്ക്കു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പള്ളിമണികൾ മുഴങ്ങി. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് വർഷത്തെ ശ്രമകരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരിന്നു. കത്തീഡ്രൽ വീണ്ടും തുറക്കുന്നതിന് ഒരു മാസം അവശേഷിക്കേയാണ് നോട്രഡാമിൻ്റെ വടക്കൻ ബെൽഫ്രിയിലെ എട്ട് മണികള്‍ ഇന്നലെ വെള്ളിയാഴ്ച രാവിലെ അഞ്ചു മിനിറ്റോളം മണി മുഴക്കിയത്.

ദേവാലയ പുനരുദ്ധാരണത്തിന് ഒരുക്കമായുള്ള ടെസ്റ്റിംഗ് ആണ് നടത്തിയതെന്നും ആദ്യ ടെസ്റ്റ് വിജയമായിരുന്നുവെന്നും മണികളുടെ പുനഃസ്ഥാപനത്തിൻ്റെ ചുമതലയുള്ള അലക്സാണ്ടർ ഗൗജിൻ പറഞ്ഞു. മനോഹരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇതെന്ന് കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള പൊതു സ്ഥാപന മേധാവി ഫിലിപ്പ് ജോസ്റ്റ് പറഞ്ഞു. "ഗബ്രിയേൽ" എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ മണിയ്ക്ക് നാല് ടണ്ണിലധികം ഭാരമുണ്ട്, ഏറ്റവും ഭാരം കുറഞ്ഞ മണി "ജീൻ-മേരി" എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് 800 കിലോഗ്രാമാണ് ഭാരം.

2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. യേശുവിനെ ധരിപ്പിച്ച മുള്‍മുടി ഉള്‍പ്പെടെ നിരവധി തിരുശേഷിപ്പുകള്‍ കാലകാലങ്ങളായി ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിന്നത്.

അഗ്നിബാധയില്‍ ഈ തിരുശേഷിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നത് ഇന്നും അത്ഭുതമായി തുടരുന്നു. നേരത്തെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സി‌ന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം. പുനരുദ്ധാരണത്തിന് ശേഷം ഡിസംബർ 7-8 തീയതികളിൽ നോട്രഡാം തുറക്കുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »