News - 2024
44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍
പ്രവാചകശബ്ദം 12-11-2024 - Tuesday
വത്തിക്കാന്‍ സിറ്റി: കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, പേപ്പൽ ഭവനത്തിന്റെ പുതിയ പ്രഭാഷകനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ അദ്ദേഹം ഇറ്റലിയിലെ മിലാൻ വംശജനാണ്. 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായാണ് ഫാ. റോബെർട്ടോയെ പാപ്പ നിയമിച്ചിരിക്കുന്നത്.
പാവപ്പെട്ടവരുടെയും വികലാംഗരുടെയും തടവുകാരുടെയും ഇടയിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഫാ. പസോളിനി ആഗമന, നോമ്പുകാല ധ്യാന പ്രസംഗങ്ങൾ നടത്തിക്കൊണ്ടാണ് തന്റെ ശുശൂഷയ്ക്ക് തുടക്കം കുറിക്കുന്നത്. സ്ഥാനമൊഴിയുന്ന കർദ്ദിനാൾ കാന്തലമെസ്സ, മൂന്നു മാർപാപ്പമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്. താൻ ഏറെ ബഹുമാനത്തോടെ നോക്കിക്കാണുകയും, തനിക്ക് ഏറെ പ്രചോദനം നൽകുകയും ചെയ്ത കർദ്ദിനാൾ കാന്തലമെസ്സയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ ഏറെ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അപ്പോസ്തോലിക് പ്രഭാഷകൻ എന്നറിയപ്പെടുന്ന പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനു വലിയ ഉത്തരവാദിത്വമാണുള്ളത്. മാർപ്പാപ്പയ്ക്കും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ഓരോ വർഷവും ആഗമനകാലത്തും നോമ്പുകാലത്തും വിചിന്തനങ്ങളുടെ പരമ്പര ഉള്‍പ്പെടെ തയാറാക്കുന്നത് അദ്ദേഹമാണ്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം. 'പരമാചാര്യന്റെ പ്രഭാഷകന്‍' എന്നും പേപ്പല്‍ പ്രഭാഷകന്‍ അറിയപ്പെടുന്നുണ്ട്. 1555-ൽ പോൾ നാലാമൻ മാർപാപ്പയാണ് ഈ പദവി സഭയില്‍ സ്ഥാപിച്ചത്. ദുഃഖവെള്ളിയാഴ്‌ചയിൽ മാർപാപ്പ പങ്കുചേരുന്ന കർത്താവിൻ്റെ പീഡാനുഭവ ആരാധനയിൽ പ്രസംഗിക്കുന്നതിനുള്ള ചുമതലയും പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟