News

പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; എഴുനൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും സ്മാരകങ്ങളും ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു

പ്രവാചകശബ്ദം 22-11-2024 - Friday

ലണ്ടന്‍: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീഡനങ്ങളെ അപലപിച്ചും പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നവംബർ 20ന് ലോകമെമ്പാടുമുള്ള എഴുനൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും സ്മാരകങ്ങളും ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു. ആഗോള പ്രസിദ്ധമായ സ്പെയിനിലെ സഗ്രഡ ഫാമിലിയ ബസിലിക്ക, ലൂർദ് തീര്‍ത്ഥാടന കേന്ദ്രം, ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ, കൊളംബിയയിലെ ഔവർ ലേഡി ഓഫ് ലാസ് ലജാസ് തുടങ്ങിയ പ്രസിദ്ധമായ ദേവാലയങ്ങളിലും രക്തത്തിന്റെ പ്രതീകമായി ചുവപ്പ് നിറത്താല്‍ ദീപാലങ്കാരം നടത്തിയിരിന്നു.

പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഹ്വാനപ്രകാരം 'റെഡ് വെനസ്ഡേ' ആചാരണത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചുവപ്പ് നിറംക്കൊണ്ട് പ്രകാശിതമാക്കിയത്. ജർമ്മനി, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ചിലി, കൊളംബിയ, ദക്ഷിണ കൊറിയ, സ്ലൊവാക്യ, സ്പെയിൻ, ഫിലിപ്പീൻസ്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, മാൾട്ട, മെക്സിക്കോ, നെതർലാൻഡ്‌സ് പോളണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ വിവിധ രാജ്യങ്ങളില്‍ ആചരണം നടന്നു.

2015 മുതലാണ് പീഡിത ക്രൈസ്തവരെ പ്രത്യേകം അനുസ്മരിച്ച് ചുവന്ന വാരത്തിന് ആരംഭമായത്. അന്നു ബ്രസീലിലെ എസിഎൻ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമര്‍ ചിത്രം ചുവപ്പ് നിറത്താല്‍ പ്രകാശിപ്പിച്ചപ്പോൾ മുതൽ റെഡ് വീക്ക് ആചരണം നടക്കുന്നുണ്ട്. അതിനുശേഷം, സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ, ഇറ്റലി, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ അനേകം രാജ്യങ്ങള്‍ ആചരണത്തില്‍ പങ്കുചേരുകയായിരിന്നു. ഓരോ വര്‍ഷവും പിന്നിടും തോറും ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആചരണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.


Related Articles »