News

കന്ധമാലിലെ പീഡിത ക്രൈസ്തവരെ സന്ദര്‍ശിച്ച് ലാറ്റിന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 07-02-2025 - Friday

കന്ധമാൽ: 2008-ലെ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിഷപ്പുമാർ ഒഡീഷയിലെ കന്ധമാല്‍ പ്രദേശം സന്ദര്‍ശിച്ചു. കന്ധമാലിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഭുവനേശ്വറിൽ നടക്കുന്ന ലത്തീന്‍ മെത്രാന്‍ സമിതി -കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 36-ാമത് പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത ബിഷപ്പുമാരില്‍ 23 പേര്‍ അസംബ്ലിക്ക് ശേഷം, രക്തസാക്ഷികളുടെ നാടായ കന്ധമാൽ സന്ദര്‍ശിക്കുകയായിരിന്നു. കന്ധമാലിലെ വിശ്വാസികൾ മെത്രാന്മാര്‍ക്ക് ഉജ്ജ്വല സ്വീകരണം നൽകി.

രക്ഷപ്പെട്ടവരെ പുനരധിവസിപ്പിച്ച സേക്രഡ് ഹാർട്ട് മിഷൻ സ്റ്റേഷനും നന്ദഗിരി ഗ്രാമവുമായിരുന്നു സന്ദര്‍ശനത്തിന്റെ ആദ്യ ഇടങ്ങള്‍. പരമ്പരാഗത ഗോത്ര നൃത്തങ്ങളോടെ പ്രാദേശിക സമൂഹം ബിഷപ്പുമാരെ സ്വീകരിച്ചു. ഇടവക വികാരി ഫാ. സനാതൻ പ്രധാൻ, അൽമായ നേതാക്കൾക്കൊപ്പം ബിഷപ്പുമാരെ പൂച്ചെണ്ടുകളും ഷാളുകളും നൽകി വരവേറ്റു. കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ, എസ്.വി.ഡി ആശംസകൾ നൽകി. സിസിബിഐ വൈസ് പ്രസിഡൻ്റും ബാംഗ്ലൂർ ആർച്ച് ബിഷപ്പുമായ പീറ്റർ മച്ചാഡോ കന്ധമാല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ സഹിഷ്ണുതയെയും ആഴത്തിലുള്ള ക്രൈസ്തവ വിശ്വാസത്തെയും സ്മരിച്ചു.

ആദ്യമായാണ് 23 ബിഷപ്പുമാര്‍ ഒരുമിച്ചു കന്ധമാല്‍ സന്ദർശിക്കുന്നതെന്ന് നന്ദഗിരി സ്വദേശി ഫാ. മൃത്യുഞ്ജയ ദിഗൽ പറഞ്ഞു. കന്ധമാല്‍ ജില്ലയിലെ പ്രധാന പട്ടണമായ റൈകിയയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി ഇടവകയും ബിഷപ്പുമാർ സന്ദര്‍ശിച്ചു. ഇവരെ അഭിവാദ്യം ചെയ്യാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള സെൻ്റ് കാതറിൻ കോൺവെൻ്റും അവരുടെ പുനരധിവാസ കേന്ദ്രവും മെത്രാന്‍ സംഘം സന്ദർശിച്ചു. ബിഷപ്പ് കിഷോർ കുമാർ സന്ദർശക സംഘത്തിന് നന്ദി രേഖപ്പെടുത്തി. 2008-ലെ അക്രമത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ട കഞ്ചമേണ്ടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെൻ്ററിൽ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങൾ ചിലര്‍ പങ്കുവെച്ചപ്പോൾ ഏതാനും ബിഷപ്പുമാർ വികാരഭരിതരായിരിന്നു.

2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു.

എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. അനേക വര്‍ഷക്കാലം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അനേകം പേരാണ് കന്ധമാലില്‍ നിന്ന്‍ വൈദിക സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »