News
നിരവധി മലയാളികള്‍ വത്തിക്കാനില്‍; മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന്
പ്രവാചകശബ്ദം 07-12-2024 - Saturday
വത്തിക്കാന്‍ സിറ്റി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് ഉള്‍പ്പെടെ ഇരുപത്തിയൊന്ന് കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നു വത്തിക്കാനില്‍ നടക്കും. ഈ ദൈവിക നിയോഗത്തിന് സാക്ഷികളാകുന്നതിനും നവ കർദിനാളിന് ആശംസകൾ അർപ്പിക്കുന്നതിനുമായി നിരവധി മലയാളികളായ വിശ്വാസികളും ഭാരതത്തെ പ്രതിനിധീകരിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും വത്തിക്കാനിലെത്തിക്കഴിഞ്ഞു. മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മാതൃരൂപതയിൽനിന്നും ജന്മനാട്ടിൽ നിന്നുമായി നിരവധി പേരാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
വത്തിക്കാൻ സമയം വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി 08:30) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാകും തിരുക്കർമങ്ങൾ. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമാകും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബ് ചാനലിലൂടെ തത്സമയം ലഭ്യമാക്കും.
കൺസിസ്റ്ററി തിരുക്കർമങ്ങൾക്കുശേഷം നവ കർദ്ദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹ കാർമികരാകും. വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ മാർ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.
മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട്
1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്.