News
മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ നിയമിച്ചു
പ്രവാചകശബ്ദം 24-01-2025 - Friday
വത്തിക്കാന്‍ സിറ്റി: വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മലയാളിയായ കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അതേസമയം തന്നെ നിലവില്‍ അദ്ദേഹം നിര്‍വ്വഹിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രയുടെ ചുമതലകളും തുടർന്ന് വഹിക്കും. ഇന്നു ജനുവരി ഇരുപത്തിനാലാം തീയതിയാണ്, ഫ്രാൻസിസ് പാപ്പ പുതിയ നിയോഗത്തിനു കർദ്ദിനാളിനെ ചുമതലപ്പെടുത്തിയത്.
പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും, തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദ പാതയിലും ആശ്രയിച്ചുകൊണ്ട്, എല്ലാവരുടെയും പ്രാർത്ഥനകളുടെ പിന്തുണയോടെ താൻ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കർദ്ദിനാൾ ജോര്‍ജ്ജ് കൂവക്കാട് പ്രതികരിച്ചു. തന്റെ കുറവുകള്‍ക്കിടയിലും മതങ്ങൾക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർത്ഥനകളും, ഡിക്കസ്റ്ററിയിൽ തന്റെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കർദ്ദിനാൾ പങ്കുവച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താൻ ജനിച്ചത്, അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണ്. അതിനാൽ മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു.
പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകൾ, പ്രത്യേകിച്ചും മറ്റു മതങ്ങൾ ഭൂരിപക്ഷം വരുന്ന രാജ്യങ്ങളിൽ, താൻ അനുഭവിച്ച മതസൗഹാർദ്ദ കൂട്ടായ്മകളും സംഭാഷണങ്ങളും തന്റെ ഈ പുതിയ ദൗത്യനിർവ്വഹണത്തിനു ഏറെ സഹായകരമാകുമെന്നും കർദ്ദിനാൾ പങ്കുവച്ചു. ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിൽ നജാഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നതും കർദ്ദിനാൾ കൂവക്കാട് പറഞ്ഞു.
1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021-ലാണ് പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേര്‍ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.