News - 2024

വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രവാചകശബ്ദം 24-12-2024 - Tuesday

പ്രസ്റ്റണ്‍ : ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകരപദ്ധതിയിൽനിന്നു വേർപെടുത്തിക്കാണരുതെന്നാണ് ആരാധനക്രമത്തിൽനിന്നും വിശുദ്ധ ഗ്രന്ഥത്തിൽനിന്നും നാം മനസ്സിലാക്കുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

പിറവിത്തിരുനാളിൽ എന്റെ മനസ്സിൽ വരുന്ന തിരുവചനം ലൂക്കായുടെ സുവിശേഷം 2:7 ആണ്: "മറിയം തന്റെ കടിഞ്ഞൂൽ പുത്രനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി". ബനഡിക്ട് പതിനാറാമൻ പാപ്പാ ഈ തിരുവചനം വ്യാഖ്യാനിച്ചുകൊണ്ട് നമ്മെ പഠിപ്പിച്ചു: "പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണീശോ ബലിവേദിയിലെ ബലിവസ്‌തുവാണ്" എന്ന്. സഭയുടെ പ്രാർത്ഥനകളിൽ നാം ഇപ്രകാരം കാണുന്നു: "പിതാവായ ദൈവം തൻ്റെ പ്രിയപുത്രനെ സ്റ്റീവായിൽ മരിക്കാൻ ഞങ്ങളുടെ പക്കലേക്കയച്ചു." "മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കുംവേണ്ടി ഏകജാതനും വചനവുമായ ദൈവം പിതാവിനോടുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി, ദാസൻ്റെ രൂപം സ്വീകരിച്ചു."

വചനം റൂഹായാൽ മറിയത്തിൽനിന്നു മനുഷ്യശരീരം സ്വീകരിക്കുന്നത്, മഹനീയവും വിസ്‌മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിൻ്റെ തികവിൽ തൻ്റെ കരങ്ങൾവഴി നിറവേറ്റാനും പൂർത്തിയാക്കാനുമാണ്. ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകരപദ്ധതിയിൽനിന്നു വേർപെടുത്തിക്കാണരുതെന്നാണ് ആരാധനക്രമത്തിൽനിന്നും വിശുദ്ധ ഗ്രന്ഥത്തിൽനിന്നും നാം മനസ്സിലാക്കുന്നത്.

മറിയം പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് ഉണ്ണിശോയെ കിടത്തിയതു ബേത്‌ലെഹേമിലാണ്. ബേത്‌ലെഹേം എന്നതുകൊണ്ടു നാം മനസ്സിലാക്കേണ്ടത് 'അപ്പത്തിന്റെ ഭവനം' എന്നാണ്. വിശുദ്ധ കുർബാനയിൽ നാം ഇപ്രകാരം കേൾക്കുന്നു: ഈശോ തന്റെ പരിശുദ്ധമായ കരങ്ങളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ച് അരുൾച്ചെയ്‌തു: "ഇതു ലോകത്തിന്റെ ജീവനുവേണ്ടി, പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്നു വാങ്ങി ഭക്ഷിക്കുവിൻ". പാപമോചനത്തിനായി ചിന്തപ്പെടുന്ന എന്റെ രക്തമാകുന്നു. വിഭജിക്കപ്പെടാനുള്ള ശരീരവും ചിന്തപ്പെടാനുള്ള രക്തവുമാണ് ഉണ്ണീശോ. എല്ലാവരും വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ.

ആദ്ധ്യാത്മികവർഷമായി ആചരിക്കുന്ന ഈ വർഷത്തെ പിറവിത്തിരുനാളിന് കൂടുതലായി വചനം ശ്രവിക്കാനും അതനുസരിച്ച് ജീവിതത്തെ വിലയിരുത്തി കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ഈശോയുടെ ശരീരരക്തങ്ങളോട് ഐക്യപ്പെടാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, എല്ലാവർക്കും തിരുപ്പിറവിയുടെയും നവവത്സരത്തിൻ്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്താവിച്ചു.


Related Articles »