News - 2025

അമേരിക്കയുടെ പരമോന്നത ബഹുമതി 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' ഫ്രാൻസിസ് മാർപാപ്പയ്ക്ക്

പ്രവാചകശബ്ദം 13-01-2025 - Monday

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക്. വൈറ്റ് ഹൗസാണ് ഉന്നത ബഹുമതി മാര്‍പാപ്പയ്ക്കു നല്‍കുവാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെക്കൻ അർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ, ഫ്രാൻസിസ് മാർപാപ്പ മുന്‍പ് വന്നവരിൽ നിന്ന് വ്യത്യസ്തനാണെന്നും എല്ലാറ്റിനുമുപരിയായി, അദ്ദേഹം ജനങ്ങളുടെ മാർപാപ്പയാണെന്നും ലോകമെമ്പാടും തിളങ്ങുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു.

അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹ സേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.



കഴിഞ്ഞയാഴ്ച്‌ച നിശ്ചയിച്ചിരുന്ന റോമാ സന്ദർശനത്തിനിടെ വത്തി ക്കാനിലെത്തി മാർപാപ്പയെ കാണാൻ ബൈഡൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോസ് ആഞ്ചലസ് നഗരത്തിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാന്‍ സന്ദർശനം ജോ ബൈഡൻ റദ്ദാക്കിയിരിന്നു. ബൈഡൻ ശനിയാഴ്‌ച ഫോണിൽ ഫ്രാൻസിസ് മാർപാപ്പയോടു സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഫ്രാൻസിസ് മാർപാപ്പയുമായി ബൈഡൻ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »