Title News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | മര്‍ക്കോസ് | ഭാഗം 02

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 25-01-2025 - Saturday

വിശുദ്ധ ആഗസ്തീനോസ്, ഹിപ്പോളിറ്റസ്, അംബ്രോസ്, ഒരിജന്‍, തെര്‍ത്തുല്യന്‍, അപ്രേം, അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി, ക്രിസോസ്‌തോം, ബീഡ്, നസിയാന്‍സിലെ ഗ്രിഗറി തുടങ്ങീയ സഭാപിതാക്കന്മാര്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോയുടെ മാമ്മോദീസയെ കുറിച്ചു വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

വചനഭാഗം: മര്‍ക്കോസ് 1,9-11: ഈശോയുടെ മാമ്മോദീസാ (മത്താ 3,3-17) (ലൂക്കാ 3,21-22)

9 അന്നൊരിക്കല്‍, ഈശോ ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, യോഹന്നാനില്‍നിന്നു സ്‌നാനം സ്വീകരിച്ചു. 10 വെള്ളത്തില്‍നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. 11 സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

****************************************************************

ആഗസ്തീനോസ്:

യോഹന്നാൻ നൽകിയ സ്‌നാനവും മിശിഹായുടെ സ്ന‌ാനവും

സ്നാനം സ്വീകരിക്കുന്നവൻ പിന്നീട് യോഹന്നാന്റെ സ്നാനം തേടേണ്ടതില്ല. എന്നാൽ യോഹന്നാനിൽനിന്ന് സ്‌നാനം സ്വീകരിച്ചവർ പിന്നീട് തീർച്ചയായും മിശിഹാ നൽകുന്ന സ്നാനം സ്വീകരിച്ചു. മിശിഹായ്ക്ക് സ്‌നാനപ്പെടേണ്ട ആവശ്യമു ണ്ടായിരുന്നില്ല. അവിടുന്ന് സ്വാഭീഷ്ടപ്രകാരം ദാസനായ യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചത് നമ്മെ തന്റെ മാമ്മോദീസായിലേക്ക് അടുപ്പിക്കാനായിരിന്നു (Tractates on John 5.5.3.4).

ദൃശ്യമായ വചനം

എന്തുകൊണ്ടാണ് ദൈവപുത്രൻ മനുഷ്യനായും പരിശുദ്ധാരൂപി പ്രാവായും പ്രത്യക്ഷപ്പെട്ടത് (മത്താ 3, 16; മർക്കോ 1,10; ലൂക്കാ 3,22; യോഹ 1,32). ദൈവപുത്രൻ മനുഷ്യവംശത്തിന് ഒരു ജീവിതമാതൃക നൽകാൻ വന്നു: പരിശുദ്ധാരൂപി ഉത്കൃഷ്ട ജീവിതത്തിനാവശ്യമായ ദാനങ്ങൾ വർഷിക്കാൻ പ്രത്യക്ഷപ്പെട്ടു (റോമാ 8,2.10; ഗലാ 6,8). പുത്രനും പരിശുദ്ധാരൂ പിയും പ്രത്യക്ഷപ്പെട്ടത് മനുഷ്യനേത്രങ്ങളെപ്രതി യാണ്. കൂദാശകളിൽ നമ്മുടെ കണ്ണുകളാൽ കാണപ്പെടുന്നവയിൽനിന്നു മനസ്സുകൊണ്ട് ആത്മീയ മായി ഗ്രഹിക്കാവുന്നവയിലേക്ക് നമ്മൾ കടക്കണം. മനുഷ്യന്റെ വചനം സ്വരം പുറപ്പെടുവിച്ചശേഷം കടന്നുപോകുന്നു. എന്നാൽ ദൈവത്തിന്റെ വചനം ഉച്ചരിക്കപ്പെടുമ്പോൾ അതുവഴി സൂചിതമാകുന്നവ ഒരിക്കലും കടന്നുപോകുന്നില്ല (ഏശ 55,11) (Questions, Question 43).

അരൂപിയാകുന്ന ദാനം

പ്രാവ് വിൽപ്പനയ്ക്കുള്ള തല്ല; ദാനമായി നൽകപ്പെട്ടതാണ്. അതുകൊണ്ട് അത് കൃപ എന്നറിയപ്പെടുന്നു (Tractates on John 10.6.3)

ത്രിത്വത്തിന്റെ സാന്നിധ്യം

ത്രിത്വം തെളിവാർന്നു പ്രത്യക്ഷപ്പെടുന്നു. പിതാവ് സ്വരത്തിലും പുത്രൻ മനുഷ്യനിലും പരിശുദ്ധാരൂപി പ്രാവിൻ്റെ രൂപത്തിലും വെളിപ്പെടുന്നു (Tractates on John 6.5.1).

ത്രിത്വൈക ദൈവം

ത്രിത്വത്തിലെ മൂന്നാളുകളും അവിഭാജ്യമാംവിധം ഒന്നാണെങ്കിലും വി. ഗ്രന്ഥത്തിൽ പലയിടത്തും ഓരോ ആളിന്റെയും സവിശേഷതകൾ പ്രത്യേകം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ചില സൃഷ്‌ടികൾവഴി ഓരോ ആളിനെയും മറ്റൊരാളിൽനിന്ന് വ്യതിരിക്തമായി എടുത്തുകാണിക്കാറുമുണ്ട്. ഇപ്രകാരം "നീ എൻ്റെ പുത്രനാകുന്നു” (സങ്കീ 2,7; മത്താ 3,17; മർക്കോ 1,11; ലൂക്കാ 3,22; നടപടി 13,33; ഹെബ്രാ 5,5) എന്ന സ്വരത്തിൽ പിതാവും കന്യകയിൽനിന്നു സ്വീകരിച്ച മനുഷ്യത്വത്തിൽ പുത്രനും പ്രാവിന്റെ രൂപത്തിൽ പരിശുദ്ധാരൂപിയും വെളിപ്പെടുത്തപ്പെട്ടു. എന്നാൽ മൂന്നാളുകളും വിഭജിതരാണ് എന്നിതിനർത്ഥമില്ല. ഉദാഹരണമായി ഓർമ്മ, ഗ്രഹണശക്തി, ഇച്ഛാശക്തി എന്നീ മൂന്നും ചേർന്ന് ഒറ്റ ഘടകമാണല്ലോ. ഇവ മൂന്നിനെയുംകുറിച്ച് നമ്മൾ പ്രത്യേകം പ്രത്യേകം പരാമർശിക്കാറുണ്ടെങ്കിലും നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവയെല്ലാം ഇവ മൂന്നിൽ നിന്നുമാണ് രൂപംകൊള്ളുന്നത്. ഇവ അവിഭാജ്യമാംവിധം ഒന്നിച്ചു നില കൊള്ളുന്നു. ഈ ഉപമ ത്രിത്വത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളിലും പ്രസക്തമല്ലെന്നുകൂടി ഓർക്കണം. എന്തെന്നാൽ, സൃഷ്ട‌വസ്‌തുവിന് സ്രഷ്ട‌ാവിനെ പൂർണ്ണമായി പ്രതിബിംബിപ്പിക്കാൻ ഒരിക്കലും കഴിയില്ല (Letter 169, To Euodius).

ഒരേ യാഥാർത്ഥ്യം വ്യത്യസ്‌ത ശൈലികളിൽ

സ്വർഗത്തിൽനിന്നുണ്ടായ സ്വരത്തെ സംബന്ധിച്ച് വിവരിക്കുമ്പോൾ സുവിശേഷകന്മാർ പദങ്ങളിൽ വ്യത്യാസം വരുത്തുന്നത് ആശയം കൂടുതൽ പരിചിതമായ ശൈലിയിൽ വ്യക്തമാക്കാനാണ്. ഇപ്രകാരം എല്ലാ സുവിശേഷകന്മാരും അല്ലാത്തവരും നൽകുന്ന അടിസ്ഥാന ആശയം ഇതാണ് : നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. അതായത് എനിക്കു പ്രീതികരമായത് നീ വഴി ഞാൻ നിവർത്തിയാക്കും (Harmony of the Gospels 2.14.31).

_____________________________________________________________

ഹിപ്പോളിറ്റസ്:

സ്വര്‍ഗവും ഭൂമിയും ഒന്നാകുന്നു

യോഹന്നാന്റെ വാക്കുകേട്ട് മിശിഹാ സ്‌നാനം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ മഹത്തായ നിരവധി അനുഗ്രഹങ്ങള്‍ നമുക്ക് നഷ്ടപ്പെടുമായിരുന്നു. സ്വര്‍ഗം അടയ്ക്കപ്പെട്ട നിലയില്‍ത്തന്നെ തുടര്‍ന്നേനെ. ഉന്നതതലങ്ങള്‍ മനുഷ്യന് അപ്രാപ്യമാകുമായിരുന്നു. മുകളിലേക്കുള്ള വഴികാണാതെ മനുഷ്യര്‍ താഴേയ്ക്കു വീണുപോകുമായിരുന്നു. കര്‍ത്താവ് സ്‌നാനം സ്വീകരിച്ചപ്പോള്‍ പഴയ സൃഷ്ടി നവീകരിക്കപ്പെട്ടു. ചിതറിപ്പോയവരെ ദത്തവകാശത്തിന്റെ ചെങ്കോലിന്‍കീഴ് അവിടുന്ന് ഒരുമിച്ചുകൂട്ടുകയായിരുന്നു. ''സ്വര്‍ഗം അവനുനേരെ തുറക്കപ്പെട്ടു''.

ദൃശ്യവും അദൃശ്യവുമായവ തമ്മില്‍ രമ്യതയുണ്ടായി. വാനവഗണങ്ങള്‍ ആനന്ദത്താല്‍ നിറഞ്ഞു; ഭൂമിയുടെ രോഗങ്ങള്‍ സുഖമാക്കപ്പെട്ടു. രഹസ്യം വെളിവായി. ശത്രുത മൈത്രിക്കു വഴിമാറി. (പരിശുദ്ധ ത്രിത്വത്തിലെ) മൂന്നു വിസ്മയങ്ങളെപ്രതി സ്വര്‍ഗം തുറക്കപ്പെട്ടു. മണവാളനായ മിശിഹായുടെ മാമ്മോദീസാവേളയില്‍ സ്വര്‍ഗീയ മണവറയുടെ പ്രതാപംനിറഞ്ഞ കവാടങ്ങള്‍ തുറക്കപ്പെടുക ഉചിതമായിരുന്നു. അതുപോലെതന്നെ, പരിശുദ്ധാരൂപി പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരികയും പിതാവിന്റെ സ്വരം എങ്ങും മുഴങ്ങി വ്യാപിക്കുകയും ചെയ്തപ്പോള്‍ ''സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ ഉയര്‍ത്തപ്പെടുന്നത്'' (സങ്കീ 24,9) അനുയോജ്യമായിരുന്നു (The Discourse on the Holy Theophany 106).

എന്റെ പ്രിയപുത്രന്‍

പിതാവിന്റെ വാക്കുകളുടെ വിശ്വാസ്യത വെളിപ്പെടുത്താനാണ് സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാരൂപിയെ അവിടുന്നയച്ചത്. ''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്നതാണ് പിതാവിന്റെ സ്വരം. അതായത് യൗസേപ്പിന്റെ മകനായി അറിയപ്പെടുന്നവന്‍ ദൈവികസത്തയില്‍ എന്റെ ഏകജാതനാകുന്നു. അതെ, എല്ലാവരെയും തീറ്റിപ്പോറ്റുമ്പോഴും വിശപ്പനുഭവിക്കുന്നവന്‍. പരിക്ഷീണര്‍ക്ക് വിശ്രമമരുളുന്നവന്‍തന്നെ ക്ഷീണിതനാകുന്നു (മത്താ 11,28-29). അവന് തലചായ്ക്കാനിടമില്ലെങ്കിലും (മത്താ 8,20; ലൂക്കാ 9,58) എല്ലാറ്റിനെയും കൈക്കുമ്പിളില്‍ വഹിക്കുന്നു. അവന്‍ സഹിക്കുന്നു, എങ്കിലും സഹനങ്ങള്‍ സുഖപ്പെടുത്തുന്നവനാണ്; അവന്‍ പ്രഹരിക്കപ്പെടുന്നു; എങ്കിലും ലോകത്തിനു വിമോചനം പകരുന്നു (ഹെബ്രാ 1,3; ലൂക്കാ 4,18; 1 കോറി 3,17). അവന്റെ പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു; എങ്കിലും അവന്‍ ആദത്തിന്റെ പാര്‍ശ്വത്തെ സുഖപ്പെടുത്തുന്നു (The Discourse on the Holy Theophany 7).

_____________________________________________________________

അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി:

പുതിയ നോഹ

വിറയലോടും അതേസമയംതന്നെ ആനന്ദത്തോടും - തന്റെ വലതുകരം സാവധാനം ഉയര്‍ത്തി യോഹന്നാന്‍ ഈശോയെ സ്‌നാനപ്പെടുത്തി. യോഹന്നാന്റെ ശിഷ്യരും ദേശാന്തരങ്ങളില്‍നിന്നു വന്ന് ചുറ്റുംകൂടിയ ജനങ്ങളും പരസ്പരം സംസാരിക്കാനാരംഭിച്ചു: യോഹന്നാന്‍ ഈശോയെക്കാള്‍ വലിയവന്‍ തന്നെ. യോഹന്നാന്‍ ഈശോയെക്കാള്‍ വലിയവനാണെന്ന് നമ്മള്‍ കരുതിയതിനെ ഈ സംഭവം ശരിവയ്ക്കുന്നു. സ്‌നാനം നല്‍കുന്നവന്‍ വലിയവനും സ്വീകരിക്കുന്നവന്‍ ചെറിയവനുമല്ലേ? തങ്ങളുടെ അജ്ഞതയില്‍ അവര്‍ ഇപ്രകാരം ഓരോന്നു പറയുമ്പോള്‍ കര്‍ത്താവും പരിശുദ്ധനുമായവന്‍ സംസാരിച്ചു. ഏകജാതന്റെ പിതാവ് അവരുടെ വഴിതെറ്റിയ സങ്കല്പങ്ങളെ തിരുത്തി.

അവിടുന്ന് പരിശുദ്ധാരൂപിയെ പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍, പ്രഭ ചൊരിയുംവിധം, അയച്ചു. അതുവഴി പ്രളയത്തിലാഴ്ന്നുകൊണ്ടിരുന്ന മനുഷ്യപ്രകൃതിക്ക് ദിശാബോധം പകരുന്ന നാവികനായ പുതിയ നോഹയെ, നോഹയുടെ സ്രഷ്ടാവിനെത്തന്നെ അവിടുന്ന് വെളിപ്പെടുത്തി. സ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് വിളിച്ചുപറഞ്ഞു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍'' (മത്താ 3,17; 17,5; മര്‍ക്കോ 1,11; 9,7; ലൂക്കാ 9,35).

യോഹന്നാനല്ല ഈശോയാണ് അവിടുത്തെ പ്രിയപുത്രന്‍, സ്‌നാനപ്പെടുത്തിയവനല്ല, സ്‌നാനപ്പെട്ടവനാണ്. സമയത്തിനും കാലത്തിനും മുമ്പ് എന്നില്‍നിന്നു ജന്മമെടുത്തവനാണ്: സഖറിയായില്‍നിന്നു പിറന്നവനല്ല; ജഡപ്രകാരം മറിയത്തില്‍നിന്നു ജനിച്ചവനാണ്; എലിസബത്തിന്റെ ഉദരത്തില്‍നിന്നു വന്നവനല്ല; കന്യാത്വത്തിന്റെ ഫലമാണ്; സുഖപ്പെടുത്തപ്പെട്ട വന്ധ്യതയില്‍നിന്നുള്ള ശാഖയല്ല; നിങ്ങള്‍ക്കിടയില്‍ മുഖാമുഖം ജീവിച്ചവനാണ്; മരുഭൂമിയില്‍ വളര്‍ന്നവനല്ല. ഇവനാണ് ഞാന്‍ പ്രസാദിച്ച എന്റെ പ്രിയപുത്രന്‍. എന്റെ സത്തയില്‍നിന്നുള്ള സത്ത. കാണപ്പെടാത്ത സത്തയില്‍ എന്നോടു തുല്യന്‍, കാണപ്പെടുന്ന സത്തയില്‍ നിങ്ങള്‍ക്കു സമം; എങ്കിലും പാപരഹിതന്‍ (The Fourth Homily, On the Holy Theophany, or of Christ's Baptism).

_____________________________________________________________

അംബ്രോസ്:

പരിശുദ്ധാരൂപിയുടെ ആവാസം

സ്‌നാനം നല്‍കിയവനായ യോഹന്നാന്‍ നോക്കിനില്‍ക്കെ, പരിശുദ്ധാരൂപി പ്രാവിനെപ്പോലെ ഇറങ്ങിവന്നു. പ്രാവ് ഇറങ്ങിവന്നു എന്നല്ല ''പ്രാവിനെപ്പോലെ'' ഇറങ്ങിവന്നു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. കര്‍ത്താവായ ഈശോയ്ക്ക് ശുദ്ധീകരണം ആവശ്യമുള്ളതുകൊണ്ടല്ല പരിശുദ്ധാരൂപി ആവസിച്ചത്. മറിച്ച് ഈശോയും പരിശുദ്ധാരൂപിയും നമ്മെ ശുദ്ധീകരിക്കുന്നതിനാണ് (The Sacraments 1.6).

നിത്യമായ ബന്ധം

ദൈവപിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ മാനുഷികതലത്തിലൂടെ നോക്കിക്കാണാനാവില്ല. പുത്രന്റെ ആരംഭം മനുഷ്യര്‍ക്ക് അഗ്രാഹ്യമാണ്. പിതാവ് ജന്മമേകുന്നത് തന്റെ പ്രകൃതി വ്യത്യാസപ്പെടുത്താതെ തന്നെയാണ്. എന്നാല്‍, പിതൃത്വം അവിടുത്തെ സവിശേഷഭാവമാണ്. മനുഷ്യചിന്തയ്ക്കപ്രാപ്യമായ ഒരു നിമിഷത്തില്‍ സത്യദൈവം സത്യദൈവത്തിന് ജന്മമേകി എന്നു മാത്രമേ പറയാനാവൂ (Exposition of the Christian Faith 1.10.67).

_____________________________________________________________

ഒരിജന്‍:

പ്രാവിനെപ്പോലെ ആവസിച്ചു

ഒതുക്കവും നിഷ്‌കളങ്കതയും ലാളിത്യവും പ്രാവിന്റെ സവിശേഷ ഗുണങ്ങളാണ്. അതിനാലത്രെ പ്രാവുകളുടെ നിഷ്‌കളങ്കത സ്വന്തമാക്കാന്‍ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത് ((Homilies on Luke, Homily 27).

സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരം

യോര്‍ദ്ദാനില്‍ ത്രിത്വം മനുഷ്യവംശത്തിന് വെളിപ്പെടുത്തപ്പെട്ടു. പിതാവ് സാക്ഷ്യം നല്‍കി. പുത്രന്‍ സാക്ഷ്യം സ്വീകരിച്ചു. പരിശുദ്ധാരൂപി സാക്ഷ്യം ഉറപ്പിച്ചു (Fragments on Matthew 58).

ആരംഭമില്ലാത്തവന്‍

ദൈവമാണ് സ്വര്‍ഗത്തില്‍നിന്നു സംസാരിച്ചത്. അവിടുത്തേക്ക് എല്ലാ സമയവും 'ഇന്ന്' തന്നെ. ദൈവത്തെ സംബന്ധിച്ച് പ്രഭാതമോ പ്രദോഷമോ ഇല്ല. സമയം മാത്രം. ദൈവത്തെ സംബന്ധിച്ചിടത്തോളം പുതന്റെ ജന്മവും സംഭവിച്ചത് 'ഇന്ന്' തന്നെ. ഇപ്രകാരം പുത്രന്റെ ആരംഭ ദിവസമോ സമയമോ മനുഷ്യന് നിര്‍ണ്ണയിക്കാനാവില്ല (Commentary on John 1.32).

_____________________________________________________________

തെര്‍ത്തുല്യന്‍:

ശിക്ഷാവിധി ഒഴിവാക്കല്‍

പരിശുദ്ധാരൂപി തന്റെ പ്രകൃതി വെളിവാക്കുന്നതിനായി അതീവ ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ ഒരു സൃഷ്ടിയുടെ - പ്രാവിന്റെ - രൂപത്തില്‍ ഇറങ്ങിവന്നു. പ്രാവിന്റെ ശരീരത്തില്‍ കയ്പുരസം സ്രവിപ്പിക്കുന്ന അവയവം (ഗ്രന്ഥി) ഇല്ല. ലോകത്തിന്റെ അതിക്രമങ്ങളെ ഇല്ലായ്മ ചെയ്ത മഹാപ്രളയത്തിനുശേഷം, അതായത് ലോകം പ്രളയത്താലുള്ള സ്‌നാനമേറ്റതിനുശേഷം, സ്വര്‍ഗത്തിന്റെ കോപം ശമിച്ചതിന്റെ ദൂത് ഭൂമിയോട് പ്രഖ്യാപിക്കാനായി പ്രാവ് പേടകത്തില്‍നിന്നു പുറപ്പെടുകയും ജനതകള്‍ക്കിടയിലുള്ള സമാധാനത്തിന്റെ അടയാളമായ ഒലിവിന്‍ചില്ലയുമായി മടങ്ങുകയും ചെയ്തു (ഉത്പ 8,11) (On Baptism 8).

_____________________________________________________________

ക്രിസോസ്‌തോം:

ശാന്തമായ മോചനം

പ്രാവ് മൃദുസ്വഭാവവും പരിശുദ്ധിയുമുള്ളതാണ്. പരിശുദ്ധാരൂപി ''ശാന്തതയുടെ അരൂപി'' (ഗലാ 5,22) ആയതിനാല്‍ പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. നോഹയെക്കുറിച്ചുള്ള സ്മരണ ഇവിടെ പ്രസക്തമാണ്. മുഴുവന്‍ ലോകവും മനുഷ്യവംശം ആകമാനവും നാശത്തിന്റെ വക്കിലെത്തിയപ്പോള്‍ പ്രാവ് കൊടുങ്കാറ്റില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി പ്രത്യക്ഷപ്പെട്ടു. അത് ഒലിവിന്‍ചില്ല വഹിച്ചുകൊണ്ട് ലോകത്തിനുമേല്‍ പരക്കാനിരുന്ന പ്രശാന്തതയുടെ സദ്‌വാര്‍ത്ത പ്രഘോഷണം ചെയ്തു (ഉത്പ 8,11). ഇവയെല്ലാം വരാനിരുന്നവയുടെ മുന്‍രൂപങ്ങളായിരുന്നു. മാമ്മോദീസാവേളയില്‍ പ്രാവ് പ്രത്യക്ഷപ്പെട്ടത് ഒലിവിന്റെ ശിഖരം വഹിച്ചുകൊണ്ടു തിന്മകളില്‍ നിന്നെല്ലാം നമ്മെ മോചിപ്പിക്കുന്നവനിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു. പ്രാവ് കൊണ്ടുവന്നത് കൃപാഭരിതമായ പ്രത്യാശയാണ്. ഈ പ്രാവ് പ്രത്യക്ഷപ്പെട്ടത,് ഒരു കുടുംബത്തെ മാത്രം പേടകത്തില്‍നിന്ന് പുറത്തുകൊണ്ടുവരാനല്ല, മറിച്ച് മുഴുവന്‍ ലോകത്തെയും സ്വര്‍ഗത്തിലേക്ക് നയിക്കാനാണ്. സമാധാനശകലമല്ല, എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ദത്തവകാശത്തിന്റെ സാധ്യതയാണ് ഈ പ്രാവ് കൊണ്ടുവരുന്നത് (The Gospel of St. Matthew, Homily 12.3).

_____________________________________________________________

ബീഡ്:

വിദ്വേഷത്തോട് വിട

കര്‍ത്താവിന് പ്രീതികരമായ ലാളിത്യം നമ്മള്‍ അഭ്യസിക്കുന്നതിനാണ് പ്രാവിന്റെ മാതൃക നമുക്കു മുമ്പിലവതരിപ്പിക്കപ്പെട്ടത്. പ്രാവ് പരിശുദ്ധി നിറഞ്ഞ പക്ഷിയാണ്. അതുപോലെ കയ്പ്, കോപം, ഈര്‍ഷ്യ തുടങ്ങിയവ എല്ലാ മാലിന്യങ്ങളോടുമൊപ്പം നമ്മില്‍ നിന്നകറ്റാം. ചെറിയ ഇനം പക്ഷികളെപ്പോലെ തന്നെ പ്രാവുകളും കൊക്കുകൊണ്ടോ നഖംകൊണ്ടോ മറ്റുള്ളവയെ മുറിപ്പെടുത്താറില്ല. ചെറുജീവികളെയോ ഇളംപ്രാണികളെയോ അവ ഇരയാക്കാറുമില്ല. നമ്മുടെ പല്ലുകള്‍ അമ്പും ആയുധവുമാക്കാതിരിക്കാന്‍ ശ്രദ്ധിക്കാം (സങ്കീ 57,4) (Homilies on the Gospels 1.12).

_____________________________________________________________

അപ്രേം:

നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു

ശുദ്ധീകരിക്കപ്പെട്ട ജലം. മാമ്മോദീസായില്‍ നല്‍കപ്പെടുന്ന കൃപകളുടെയെല്ലാം ഉറവിടമായവന്‍തന്നെ മാമ്മോദീസാ സ്വീകരിക്കാന്‍ യോര്‍ദ്ദാന്‍ നദിയിലേക്കു വന്നു. അവന്‍ വരുന്നതു കണ്ട യോഹന്നാന്‍ കൈനീട്ടി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു: കര്‍ത്താവേ, നീ നല്‍കുന്ന സ്‌നാനത്താല്‍ സര്‍വ്വരെയും നീ ശുദ്ധീകരിക്കുന്നു. അതാണ് യഥാര്‍ത്ഥ സ്‌നാനം; അതുതന്നെയാണ് പരിപൂര്‍ണ്ണ വിശുദ്ധിയുടെ ഉറവിടവും. അങ്ങനെയുള്ള അങ്ങേയ്‌ക്കെങ്ങനെ ഞാന്‍ നല്‍കുന്ന സ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിക്കാനാകും? എന്നാല്‍ കര്‍ത്താവ് മറുപടി പറഞ്ഞു; ഞാനങ്ങനെ ആഗ്രഹിക്കുന്നു; ഞാനഭിലഷിക്കുന്നതുപോലെ ചെയ്യുക. വരിക, എന്നെ സ്‌നാനപ്പെടുത്തുക. നീ എന്തിനു ഭയപ്പെടണം? എന്തിന് സംശയിക്കണം?

ഞാനാവശ്യപ്പെടുന്ന സ്‌നാനം എന്റെ അവകാശമാണെന്ന് നീ കാണുന്നില്ലേ? ഈ സ്‌നാനംവഴി എന്നില്‍നിന്ന് അഗ്നിയും അരൂപിയും സ്വീകരിച്ച് ജലം ശുദ്ധീകരിക്കപ്പെടും... ഇതാ പരമ പരിശുദ്ധനായ മണവാളന്‍ യോര്‍ദ്ദാനിലേക്കിറങ്ങുമ്പോള്‍ സ്വര്‍ഗീയഗണങ്ങള്‍ നിശ്ചലരും നിശബ്ദരുമായി നിലകൊള്ളുന്നു. സ്‌നാനം സ്വീകരിച്ചയുടനെ അവന്‍ ജലത്തില്‍നിന്നു കയറുമ്പോള്‍ അവന്റെ മഹത്വം ഭൂമിക്കുമേല്‍ പ്രഭ ചൊരിയുന്നു. സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. പിതാവിന്റെ സ്വരം കേള്‍ക്കുന്നു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു''.

അവന് സാക്ഷ്യം നല്‍കിക്കൊണ്ട് അരൂപി ഇറങ്ങിവരുമ്പോള്‍ ആളുകള്‍ അത്ഭുതംപൂണ്ടു നിന്നു. ജനതകളേ വരുവിന്‍, അവനെ ആരാധിക്കുവിന്‍. കര്‍ത്താവേ, അങ്ങേയ്ക്ക് സ്തുതി. നിന്റെ മഹത്ത്വമാര്‍ന്ന വെളിപ്പെടല്‍ ഞങ്ങള്‍ക്ക് ആനന്ദം പകരുന്നു. നിന്റെ വെളിപ്പെടുത്തലിന്റെ പ്രഭയാല്‍ ലോകം മുഴുവന്‍ പ്രകാശിതമായിരിക്കുന്നു ((Hymns on Nativity, Epiphany 14).

_____________________________________________________________

നസിയാന്‍സിലെ ഗ്രിഗറി:

യോര്‍ദ്ദാനിലെ സ്‌നാനം

മനുഷ്യനെന്ന നിലയില്‍ അവിടുന്ന് സ്‌നാനം സ്വീകരിച്ചു (മത്താ 3,16; ലൂക്കാ 3,21).ദൈവമെന്ന നിലയില്‍ പാപം മോചിച്ചു (യോഹ 1,29; മത്താ 9,2). അവിടുത്തേക്ക് ശുദ്ധീകരണകര്‍മ്മങ്ങള്‍ ആവശ്യമായിരുന്നില്ല; ജലം ശുദ്ധീകരിക്കാനാണ് അവിടുന്ന് സ്‌നാനം സ്വീകരിച്ചത് (Oration 19, On the Son).

(....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).


Related Articles »