News - 2024
പിതാവ് നമ്മോടു കാണിച്ച കാരുണ്യത്തെ മനസ്സിലാക്കി നാം ഓരോരുത്തരും കരുണയുടെ വക്താക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 22-09-2016 - Thursday
വത്തിക്കാന്‍: ഏകപുത്രനായ ക്രിസ്തുവിനെ കാല്‍വരില്‍ ബലിയാകാന്‍ വിട്ടു നല്‍കിയ പിതാവായ ദൈവത്തിന്റെ കാരുണ്യത്തെ മനസ്സിലാക്കി നാം ഓരോരുത്തരും കരുണയുടെ വക്താക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു പാപ്പ തന്റെ പ്രസംഗത്തില്‍ ഉടനീളം സംസാരിച്ചത്.
"ദൈവം നമ്മേ എല്ലാറ്റിലും അധികമായി സ്‌നേഹിച്ചു. പിതാവ് നമ്മോടു കാണിച്ച കാരുണ്യം എത്രയോ വലുതാണ്. ദൈവപിതാവിനെ പോലെ നാമും കരുണയുള്ളവരായിരിക്കണം എന്നത് വെറും ഒരു ആപ്തവാക്യമല്ല. അത് നാം നടപ്പിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തിയാണ്. നമ്മുടെ ജീവിതവുമായി നാം അതിനെ സ്വീകരിക്കണം. ഏകപുത്രനായ ക്രിസ്തുവിനെ കാല്‍വരില്‍ ബലിയാകാന്‍ വിട്ടു നല്‍കിയ പിതാവായ ദൈവം മനുഷ്യരായ നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴമാണ് കാണിച്ചു നല്‍കുന്നത്. ദൈവത്തിനു മാത്രമേ ഇത്രയും അധികമായി നമ്മേ സ്‌നേഹിക്കുവാന്‍ സാധിക്കൂ".
"എല്ലാ കാലത്തും ഈ സ്‌നേഹത്തിന്റെ വാഹകരാകുവാന്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രൈസ്തവരെ ദൈവം വിളിച്ചിരിക്കുന്നതു തന്നെ ഈ കാരുണ്യത്തിന്റെ വക്താക്കളാകുവാനാണ്. ഇതിലൂടെ വിശുദ്ധിയില്‍ വളരുവാന്‍ നമുക്ക് സാധിക്കും. കാരുണ്യത്തിന്റെ ചിന്തകള്‍ നമ്മിലേക്ക് വരുമ്പോള്‍ പാപികളായ നമുക്കും ദൈവത്തിന്റെ പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സാധിക്കും. എല്ലാ ക്രൈസ്തവരും ക്ഷമിക്കുവാന്‍ പഠിക്കണം. മറ്റുള്ളവരോടു കാരുണ്യം കാണിക്കുവാനും നാം പഠിക്കണം".
കാരണം അവിടുത്തെ കാരുണ്യം ലഭിച്ചവരാണ് നാം എല്ലാവരും. ഇക്കാരണത്താല്‍ തന്നെ മറ്റുള്ളവരോടു ക്ഷമിക്കുവാനും, അവരോടു കാരുണ്യപൂര്‍വ്വം പെരുമാറുവാനും നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ നമ്മോടു ക്ഷമിച്ചതു പോലെ തന്നെ മറ്റുള്ളവരുടെ പാപങ്ങള്‍ അവരോടു ക്ഷമിക്കുവാന്‍ നാം എന്തിനാണ് മടിക്കുന്നത്?" പിതാവ് തന്റെ പ്രസംഗത്തിനിടയില്‍ വിശ്വാസികളോടായി ചോദിച്ചു.
നമ്മുടെ പ്രവര്‍ത്തന മേഖലകളിലെല്ലാം കാരുണ്യത്തിന്റെ വാഹകരാകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും പാറപോലെയുള്ള ഹൃദയമല്ല, മറിച്ച് സ്‌നേഹത്താലും കാരുണ്യത്താലും നിറഞ്ഞ ഒരു ഹൃദയമാണ് നമുക്ക് ആവശ്യമെന്നും പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പതിവുപോലെ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പിതാവിന്റെ പ്രസംഗം കേള്‍ക്കുവാന്‍ ഒത്തുകൂടിയത്. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പ് പലതവണ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക