Daily Saints

October 04: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി.

വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 224-ൽ ആയിരുന്നു ഇത്.

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍

1. എഫേസൂസിലെ അഡൌക്തൂസും മകള്‍ കല്ലിസ്റ്റേനയും

2. ഈജിപ്തിലെ മഹാനായ അമ്മോണ്‍

3. പാരീസിലെ ഔറേയ

4. അലക്സാണ്ട്രിയായിലെ കായൂസ്, ഫൗസ്തൂസ്, എവുസെബിയൂസ്, കെരെമോന്‍, ലൂസിയൂസ്

5. ക്രിസ്പൂസും കായൂസും

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »