News - 2024

പുതിയ ആറു സുവിശേഷ ഭാഗ്യങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

മാല്‍മോ: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ക്രിസ്തുവിന്റെ വചനത്തെ അടിസ്ഥാനപ്പെടുത്തി, ആറ് പുതിയ സുവിശേഷഭാഗ്യങ്ങളെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് വിശദീകരിച്ചു നല്‍കി. സ്വീഡനിലെ തന്റെ സന്ദര്‍ശനത്തിനിടെ മാല്‍മോയില്‍ നടത്തപ്പെട്ട വിശുദ്ധ ബലിമധ്യേയാണ് പുതിയ സുവിശേഷ ഭാഗ്യങ്ങളെ പരിശുദ്ധ പിതാവ് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. വിശുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ രേഖ ക്രിസ്തു പ്രഖ്യാപിച്ച സുവിശേഷഭാഗ്യങ്ങളായിരിന്നുവെന്ന്‍ പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സുവിശേഷ ഭാഗ്യങ്ങള്‍ താഴെ പറയുന്നവയാണ്,

1. മറ്റുള്ളവര്‍ ദ്രോഹിക്കുമ്പോഴും അവരോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

2. ഉപേക്ഷിക്കപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും കാരുണ്യത്തോടെ നോക്കി അവരോടു ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

3. ദൈവത്തെ കാണുവാനുള്ള അവസരം അപരന് സൃഷ്ടിച്ചു നല്‍കുകയും മറ്റുള്ളവരില്‍ ദൈവത്തെ കാണുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.

4. അപരന്റെ ക്ഷേമത്തിന് വേണ്ടി സ്വന്തം സുഖ സൌകര്യങ്ങള്‍ ത്യജിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

5. ദൈവം നമ്മുക്ക് നല്‍കിയ പ്രപഞ്ചത്തെ സംരക്ഷിക്കുകയും അതിനു കാവല്‍ക്കാരായി വര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.

6. ക്രൈസ്തവ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.

സ്വീഡനിലെ വിശുദ്ധരായ എലിസബത്ത് ഹെസല്‍ബ്ലാഡിനേയും വാഡ്സ്റ്റെനയിലെ ബ്രിഡ്ജറ്റിനേയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സ്മരിച്ചു. രാജ്യത്തെ കത്തോലിക്ക സഭയുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, സ്പാനിഷ്, അറബി, പൊളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളിലാണ് വിശുദ്ധ കുര്‍ബാന മദ്ധ്യേ മധ്യസ്ഥ പ്രാര്‍ത്ഥന നിയോഗങ്ങള്‍ വായിച്ചത്.