Purgatory to Heaven. - November 2024

മാലാഖമാര്‍ക്ക് മനുഷ്യരോടു തോന്നുന്ന അസൂയ

സ്വന്തം ലേഖകന്‍ 04-11-2023 - Saturday

“നല്ല കാലം വരുമ്പോള്‍ എന്നേയും ഓര്‍ക്കണം, എന്നോട് കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച് എന്നെ ഈ തടവറയില്‍ നിന്നും മോചിപ്പിക്കണം” (ഉല്‍പ്പത്തി 40:14).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 4

വിശുദ്ധ മാക്സിമില്ല്യന്‍ കോള്‍ബെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “മാലാഖമാര്‍ക്ക്‌ മനുഷ്യരോട് അസൂയ തോന്നുകയാണെങ്കില്‍ അത് ഒറ്റക്കാരണം കൊണ്ട് മാത്രമായിരിക്കും: പരിശുദ്ധ ദിവ്യകാരുണ്യം. നിങ്ങള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ അത് നിങ്ങളുടെ ആദ്യത്തേതും, അവസാനത്തേതുമായ ഏക ദിവ്യകാരുണ്യം എന്ന രീതിയില്‍ സ്വീകരിക്കുക”. വിശുദ്ധ മാക്സിമില്യന്‍റെ ഈ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായ ഒന്നാണ്. മരണം ഏത് നിമിഷവും ആഗതമാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവിക്കുന്ന ദൈവത്തിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുവാന്‍ വിശുദ്ധന്‍ നമ്മേ ഓര്‍മ്മപ്പെടുത്തുന്നു.

വിചിന്തനം:

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള നിരവധി അവസരങ്ങള്‍ നമ്മുക്ക് ലഭിക്കാറുണ്ട്. പക്ഷേ പലപ്പോഴും ഈ അവസരങ്ങള്‍ നാം ഉപേക്ഷിക്കുന്നു. മരണം എന്ന യാഥാര്‍ത്ഥ്യം എപ്പോഴാണ് നമ്മേ തേടി വരുന്നതെന്ന് നമ്മുക്ക് അറിയില്ല. വിശുദ്ധ കുര്‍ബാനയില്‍ അനുദിനം പങ്കെടുക്കുമെന്നും യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം സ്വീകരിച്ചു നിത്യജീവിതത്തിനായി തന്നെ തന്നെ ഒരുക്കുമെന്നും പ്രതിജ്ഞയെടുക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.