News - 2025

മെക്‌സിക്കോയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി

സ്വന്തം ലേഖകന്‍ 15-11-2016 - Tuesday

മെക്‌സിക്കന്‍ സിറ്റി: നാലു ദിവസങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ മെക്‌സിക്കന്‍ പുരോഹിതന്‍ മോചിതനായി. ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസ് റൂയിസ് ആണ് അക്രമികളുടെ പിടിയില്‍ നിന്നും മോചിതനായത്. അതേ സമയം വൈദികന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് ബിഷപ്പ്‌സിനു വേണ്ടി സാന്‍ ആന്‍ഡ്രസ് ടക്‌സ്റ്റല രൂപതയുടെ ബിഷപ്പ് ഫിഡന്‍സിയോ ലോപ്പസ് പ്ലാസയാണ് വൈദികന്‍ മോചിതനായ വിവരം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.

ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ബിഷപ്പ് ഫിഡല്‍സിയോ ലോപ്പസ് മോചന വാര്‍ത്തയോട് പ്രതികരിച്ചത്. എല്ലാവരേയും കര്‍ത്താവ് തന്റെ സംരക്ഷണ വലയത്തില്‍ കാത്തുപരിപാലിക്കട്ടെയെന്നും ബിഷപ്പ് പറഞ്ഞു. വെരാക്രൂസ് സംസ്ഥാനത്തെ, കാറ്റിമാക്കോയില്‍ സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരുടെ നാമത്തില്‍ സ്ഥാപിതമായ ദേവാലയത്തിലാണ് ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസ് സേവനം ചെയ്തു കൊണ്ടിരിന്നത്.

അമ്പത്തിനാലുകാരനായ വൈദികന്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും, അനീതിക്കും അക്രമത്തിനും അഴിമതിക്കും എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരിന്നു. പലഭാഗത്തു നിന്നും ഫാദര്‍ ജോസ് ലൂയിസ് സാഞ്ചസിന് മുന്‍പും ഭീഷണി വന്നിരിന്നതായി രൂപത വക്താവ് ഫാദര്‍ ആരോണ്‍ റെയെസ് ബിബിസിയോട് പറഞ്ഞു. വൈദികനെ തട്ടികൊണ്ടു പോയ സംഭവം കാറ്റിമാക്കോയില്‍ വന്‍ ജനരോക്ഷത്തിനാണ് ഇടവച്ചത്.

സെപ്റ്റംബര്‍ മാസം മുതലുള്ള കാലയളവില്‍ വെരാക്രൂസ് സംസ്ഥാനത്തു നിന്നും മാത്രം നാലു വൈദികരെയാണ് തട്ടിക്കൊണ്ടു പോയത്. ഇപ്പോള്‍ രക്ഷപെട്ട ഫാദര്‍ ജോസ് ലൂയിസ് ഒഴികെയുള്ള മറ്റു മൂന്ന്‍ വൈദികരേയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെക്‌സിക്കോയില്‍ കത്തോലിക്ക വൈദികര്‍ക്കു നേരെയുള്ള ആക്രമണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 2012-ല്‍ മെക്‌സിക്കന്‍ പ്രസിഡന്റായി എന്റിക്യൂ പെന നിറ്റോ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കണക്കുകള്‍ പ്രകാരം 15 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്.