India - 2024

ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ ദേവാലയത്തിലേക്കു മാറ്റി

സ്വന്തം ലേഖകന്‍ 20-11-2016 - Sunday

കൊച്ചി: മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടത്തിൽനിന്നു ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ മാറ്റി ദേവാലയത്തിലേക്കു സ്‌ഥാപിച്ചു. നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങളുടെ അന്തിമഘട്ടമായാണ് ഭൗതികാവശിഷ്‌ടങ്ങൾ പള്ളിയിലേക്കു മാറ്റിയത്.

സിസ്റ്റർ റാണി മരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിലെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിക്കും.

18നു രാവിലെ ഏഴിനു ദിവ്യബലിയോടെ ആരംഭിച്ച ശുശ്രൂഷകളും നടപടിക്രമങ്ങളും രാത്രി എട്ടിനാണു പൂർത്തിയായത്. ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യബലി.

ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, നാഗ്പൂർ ആർച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തുകുളങ്ങര, ഉജ്‌ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നിയമപ്രകാരം അഞ്ചു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഭൗതികാവശിഷ്‌ടങ്ങൾ പരിശോധിച്ചശേഷമാണു ദേവാലയത്തിൽ പുനഃസംസ്കാരം നടത്തിയത്.

1995 ഫെബ്രുവരി 25നായിരുന്നു സിസ്റ്റർ റാണി മരിയയുടെ മരണം. എറണാകുളം അതിരൂപതയിലെ പെരുന്പാവൂര്‍ പുല്ലവഴി സ്വദേശിയായ സി. റാണി മരിയ 1995 ഫെബ്രുവരി 25നായിരുന്നു ഘാതകന്‍റെ കുത്തേറ്റു മരണമടഞ്ഞത്. ഉദയനഗറില്‍ നിന്ന് ഇന്‍ഡോറിലേക്കു യാത്ര ചെയ്യവെ ബസ്സില്‍ വച്ചാണ് എഫ്സിസി ഭോപ്പാല്‍ പ്രോവിന്‍സ് അംഗമായിരുന്ന സിസ്റ്റര്‍ ആക്രമിക്കപ്പെട്ടത്.

ആദിവാസികള്‍ക്കിടയിലും പാവപ്പെട്ട ഗ്രാമീണര്‍ക്കിടയിലുമായിരുന്നു സിസ്റ്ററിന്‍റെ പ്രവര്‍ത്തനം. പിന്നീട് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ഉദയനഗറിലുള്ള കബറിടം സന്ദര്‍ശിക്കാന്‍ ഭോപ്പാലിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആദിവാസികളടക്കം നിരവധി പേര്‍ എത്തുന്നുണ്ടായിരിന്നു.