News

കരുണയുടെ വര്‍ഷത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച സംഭവങ്ങളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-11-2016 - Monday

റോം: കരുണയുടെ ജൂബിലി വര്‍ഷം താന്‍ നേരില്‍ കണ്ട വിവിധ ജീവിത സാഹചര്യങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ ചാനലിന് പ്രത്യേക അഭിമുഖം നല്‍കി. 'ടിവി-2000' എന്ന ചാനലിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഏറെ നൊമ്പരപ്പെടുത്തിയ ജീവിതാവസ്ഥകളെ പറ്റി ഫ്രാന്‍സിസ് പാപ്പ തുറന്ന്‍ പറഞ്ഞത്. വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം അകപ്പെട്ടു പോയ സ്ത്രീകളോട് സംസാരിച്ചതും, മൂന്നു മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ സങ്കടത്തിലായ അമ്മയുടെ വേദനയുമാണ്, തന്നെ ഏറെ സ്പര്‍ശിച്ചതെന്ന് പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.

"നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ജീവിതകഥ എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ആഫ്രിക്കന്‍ സ്വദേശിനിയായ യുവതിയുമായി സംസാരിക്കുവാന്‍ കരുണയുടെ വര്‍ഷത്തില്‍ ഇടയായി. മറ്റുള്ളവരുടെ കൊടും ചൂഷണങ്ങള്‍ക്കാണ് അവള്‍ വിധേയയായത്. ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും അവളെ വേശ്യാവൃത്തിയില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ മറ്റുള്ളവര്‍ സമ്മതിച്ചിരുന്നില്ല. അവളില്‍ നിന്നും പണം സമ്പാദിക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം".

"വേശ്യാലയത്തില്‍ നിന്നും രക്ഷപെട്ട അവള്‍ തണുപ്പുള്ള ഒരു രാത്രിയില്‍ വഴിയരികിലാണ് തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. അവളുടെ ശുശ്രൂഷയ്ക്കായി ആരും കടന്നുവന്നില്ല. കൊടുംതണുപ്പേറ്റ് അവളുടെ കുഞ്ഞ് മരിച്ചു. അവളുടെ സങ്കടം എത്ര വലുതാണ്. പകല്‍ മുഴുവനും തെറ്റിലൂടെ സമ്പാദിക്കുന്ന പണം, കുറഞ്ഞു പോയാല്‍ ചൂഷകരില്‍ നിന്നും സ്ത്രീകള്‍ക്കു മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു. ഏറെ സങ്കടകരമാണ് ഇത്തരം അവസ്ഥ". പാപ്പ പറഞ്ഞു.

ആഗസ്റ്റ് മാസം 12-ാം തീയതിയാണ് വേശ്യാവൃത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പോപ് ജോണ്‍ ഇരുപത്തി മൂന്നാം കേന്ദ്രം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്. ജൂബിലി വര്‍ഷത്തിലെ ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തോടനുബന്ധിച്ചായിരുന്നു പാപ്പയുടെ സന്ദര്‍ശനം. മറ്റൊരു കരുണയുടെ വെള്ളിയില്‍ കുട്ടികളുടെ ആശുപത്രിയും, പ്രായം ചെന്നവരെ ശുശ്രൂഷിക്കുന്ന ഒരു കേന്ദ്രവും പാപ്പ സന്ദര്‍ശിച്ചിരുന്നു. മൂന്നു മക്കളുണ്ടായിരുന്ന അമ്മയ്ക്കു തന്റെ ഒരു കുഞ്ഞ് മരിച്ചു പോയതിനെ തുടര്‍ന്നുണ്ടായ സങ്കടവും മാര്‍പാപ്പ പങ്ക് വെച്ചു.

"ഗര്‍ഭഛിദ്രത്തിനു വേണ്ടി മുറവിളികൂട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍, തന്റെ മൂന്നു മക്കളില്‍ ഒരാള്‍ മരിച്ചുപോയപ്പോള്‍ തീവ്രമായി ദുഃഖിക്കുന്ന ഒരമ്മയേയും കാണുവാന്‍ ഇടയായി. പലരും കുട്ടികളെ നശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ തന്റെ കുഞ്ഞ് മരിച്ചുപോയപ്പോള്‍ ഒരമ്മയ്ക്ക് നേരിട്ട സങ്കടത്തെ നാം ഓര്‍ക്കണം. ജീവിതത്തിന്റെ വിവിധ അവസ്ഥകളെ കുറിച്ച് മനസിലാക്കുന്നതിന് ഇത്തരം ചിന്തകള്‍ നമ്മേ സഹായിക്കും". പാപ്പ പറഞ്ഞു.

ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമനേയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഉള്‍പ്പെടെയുള്ള തന്റെ മുന്‍ഗാമികളേയും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിമുഖത്തില്‍ നന്ദിയോടെ സ്മരിച്ചു. ജപമാലയും, പ്രാര്‍ത്ഥനയും, അനുദിനം അര്‍പ്പിക്കുന്ന ദിവ്യബലിയുമാണ് തന്റെ ജീവിതത്തിന്റെ ശക്തിയെന്നു പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.

ലോകത്തിലെ ആയുധ ഇടപാടുകള്‍ മൂന്നാം ലോക മഹായുദ്ധം എന്ന വിപത്തിലേക്കാണ് നയിക്കുന്നതെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കി. വേദനിക്കുന്ന ക്രിസ്തുവിന്റെ മാംസത്തില്‍ തഴുകുമ്പോള്‍ മാത്രമാണ് എല്ലാ അക്രമത്തില്‍ നിന്നും നാം പിന്മാറുകയെന്ന വാക്കുകളോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്. നാല്‍പത് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ അഭിമുഖമാണ് പാപ്പ മാധ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള അഭിമുഖം, കരുണയുടെ ജൂബിലി വര്‍ഷം സമാപിച്ച ഇന്നലെ സംപ്രേക്ഷണം ചെയ്തു.


Related Articles »