News - 2025

അഴിമതി ദൈവനിന്ദ, അത് മനുഷ്യനെ പണത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 25-11-2016 - Friday

വത്തിക്കാന്‍: അഴിമതി ദൈവനിന്ദയാണെന്നും, അത് പണത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യനെ മാറ്റിയെടുക്കുകയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ വസതിയായ സാന്താ മാര്‍ത്തയിലെ ചാപ്പലില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു കൊണ്ടു സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. സഭയുടെ ആരാധനാ കലണ്ടര്‍ വര്‍ഷത്തിലെ അവസാനത്തെ ആഴ്ചയിലാണ് അഴിമതിയെ സംബന്ധിച്ചുള്ള പ്രതികരണം പാപ്പ നടത്തിയിരിക്കുന്നത്. ലോകാവസാനത്തേയും, ദൈവത്തിന്റെ വിശ്വസ്ത ജനത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചും പാപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

"ബാബിലോണ്‍ നഗരവാസികള്‍ ലോകത്തിന്റെ താല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും അനുസരിച്ചാണ് ജീവിച്ചത്. അഴിമതിയെന്നത് ദൈവനിന്ദയാണ്. അത് നമ്മേ പ്രേരിപ്പിക്കുന്നത് പണമെന്ന ദൈവത്തെ ആരാധിക്കുവാനാണ്. ബാബിലോണിന്റെ പതനത്തെ കുറിച്ച് മാലാഖ പറയുന്നുണ്ട്. വ്യര്‍ത്ഥാഭിമാനത്തോടും ദുഷ്ടതയോടും കൂടി അത് തകരുമെന്ന് മാലാഖ തന്നെ പറയുന്നു".

"ബാബിലോണ്‍ തകരുമ്പോഴും പാപികളായ ഒരു സംഘം ആളുകള്‍ ദൈവത്തിന്റെ രക്ഷാപദ്ധതി പ്രകാരം വീണ്ടെടുക്കപ്പെട്ടു. രക്ഷയും വീണ്ടെടുപ്പും ദൈവത്തിന്റെ പക്കലാണ് ഉള്ളത്. രക്ഷിക്കപെടുന്നവരുടെ ശബ്ദമാണിത്. ഒരുപക്ഷേ അവര്‍ പാപികളാണെങ്കിലും, അഴിമതിക്കാരല്ല. അവര്‍ പണത്തെ ദൈവമായി കണ്ടിട്ടില്ല. ഒരു പാപിക്ക് എങ്ങനെയാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാം. ദൈവത്തിന്റെ ക്ഷമയെ കുറിച്ചും, രക്ഷയേകുറിച്ചും പാപികള്‍ മനസിലാക്കും. ദൈവത്തിന്റെ ആലയത്തില്‍ അവനെ സ്തുതിക്കുന്നതിലും മനോഹരമായ ഒരു കാര്യവും അവരുടെ ജീവിതത്തിലില്ല ". പാപ്പ പറഞ്ഞു.

കുഞ്ഞാടിന്റെ വിരുന്നിന് വിളിക്കപ്പെട്ടവരാണ് അനുഗ്രഹീതര്‍ എന്ന അരുളപ്പാടിനെ കുറിച്ചാണ് പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചത്. ക്രിസ്തുവിന്റെ വിരുന്നിനായി വിളിക്കപ്പെട്ട നമ്മള്‍ക്ക് ഇതിനുള്ള അര്‍ഹത ലഭിച്ചത്, ദൈവസ്‌നേഹം ഒന്നുകൊണ്ടുമാത്രമാണെന്ന കാര്യവും പാപ്പ നിരീക്ഷിച്ചു. നാം പാപികള്‍ ആയിരുന്നപ്പോള്‍ തന്നെ ദൈവം നമ്മുടെ രക്ഷകനായി മാറി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കാണ് കുഞ്ഞാടിന്റെ വിരുന്നില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നതെന്നും, ഇതിനുള്ള അവസരം നീതിമാനായ കര്‍ത്താവാണ് നല്‍കുന്നതെന്നും പാപ്പ പറഞ്ഞു.


Related Articles »