Social Media - 2025
Narco Terrorism കേരളത്തില്‍: കെസിബിസി ജാഗ്രത ന്യൂസ് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ച ലേഖനം
ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ് 10-09-2021 - Friday
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതേസമയം നാടിനെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട, അതിനായി തയ്യാറായി ഇറങ്ങിത്തിരിച്ചവര്‍ തന്നെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഭീകരവാദികളുടെ കൈകളിലേല്‍പ്പിക്കാന്‍ ഈ അവിശുദ്ധ ചേരിയുടെ വക്താക്കളും പ്രചാരകരും വില്പനക്കാരുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇക്കാലത്ത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഭീകരവാദം എന്തെന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള അവലോകനമാണ് ഈ ലേഖനം.
അന്താരാഷ്ട്ര സമൂഹത്തിന്‍റെ തിരിച്ചറിവുകള്‍
നാര്‍ക്കോ-ടെററിസം സംബന്ധിച്ച ആഗോളപ്രതിഭാസങ്ങളെ വിലയിരുത്താനും ചെറുക്കാനും 2003 മെയ് 20ന് ഒത്തു കൂടിയ അമേരിക്കന്‍ സെനറ്റ് സമ്മേളനത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നല്‍കിയ ആദ്യ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉല്‍പാദകരായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ മാറാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 3,400 ടണ്‍ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍ നിന്ന് കള്ളക്കടത്ത്കാര്‍ക്കും കൃഷിചെയ്തവര്‍ക്കും ലഭിച്ചത് 2.5 ബില്യണ്‍ ഡോളറായിരുന്നു, 2002 ല്‍ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ ഇരട്ടിയിലധികമാണ് ഈ തുക.
അദ്ദേഹത്തിന്‍റെ പ്രസംഗം അവസാനിച്ചത് ഈ വാക്കുകളോടെയാണ്, ഭീതിതമായ വിനാശകരമായ ആക്രമണങ്ങള്‍ മാനവരാശിക്കെതിരെ സൃഷ്ടിക്കാന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ അല്‍ഖ്വയ്ദയ്ക്ക് ഇന്ന് സാധിക്കും. അതിനാല്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളോടൊപ്പം തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന മയക്കുമരുന്ന് കടത്തിനെയും ചെറുക്കാന്‍ ശ്രമങ്ങള്‍ നടത്താതിരിക്കുന്നത് മഠയത്തരമാണ്.
നാര്‍ക്കോ-തീവ്രവാദം അഥവാ നാര്‍ക്കോ-ടെററിസം
നാര്‍ക്കോ-ടെററിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1983ല്‍ പെറു പ്രസിഡന്‍റ് ആയിരുന്ന ഫെര്‍ണാന്‍ഡോ ബെലൗന്ദേ ടെറി ആണ്. പെറുവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സെന്തേരോ ലൂമിനോസോയുടെ മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രവണത സൃഷ്ടിക്കുന്നു എന്നതിനാല്‍, അവര്‍ ചെയ്യുന്നത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. പിന്നീട് അമേരിക്കന്‍ രഹസ്യാന്വേഷകര്‍ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുമുള്ള യുദ്ധമാണെന്ന് തിരിച്ചറിഞ്ഞു. 2001 സെപ്തംബര്‍ 11 - ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളും സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും വന്‍തോതില്‍ എത്തിച്ചേരുന്ന ഹെറോയിനും കറുപ്പും തീവ്രവാദി സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നുണ്ട് എന്നും അവര്‍ കണ്ടെത്തി.
ഹാന്ദ്വാര മയക്കുമരുന്ന് കേസ്
2020 ജൂണ്‍ 11 - ന് വടക്കന്‍ കാശ്മീരിലെ ഹാന്ദ്വാര ടൗണില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതിരുന്ന ഒരു കാറില്‍ നിന്ന് പരിശോധനയ്ക്കിടയില്‍ 6 കിലോയോളം ഹെറോയിനും 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി. തുടര്‍ന്ന്, അബ്ദുല്‍ മോമിന്‍ പീര്‍ എന്ന കാര്‍ ഡ്രൈവറുടെ ബന്ധങ്ങള്‍ അന്വേഷിച്ച പോലീസ് അയാളുടെ അമ്മായപ്പന്‍ ഇഫ്തിക്കര്‍ അന്ദ്രാബിയെയും സഹോദരന്‍ ഇസ്ലാം ഉല്‍ ഹഖിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍നിന്നായി 1 കോടി രൂപയും 21 കിലോഗ്രാമോളം ഹെറോയിനും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആകെ പിടികൂടിയ ഹെറോയിന്‍റെ മൂല്യം 100 കോടിയോളം രൂപയായിരുന്നു.
തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഈ കേസിന്‍റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. അവര്‍ നടത്തിയ അന്വേഷണത്തില്‍ അന്ദ്രാബിക്ക് ഭാരതത്തിന്‍റെ തന്ത്രപ്രധാന അതിര്‍ത്തിപ്രദേശമായ നിയന്ത്രണരേഖയുടെ പ്രദേശത്ത് താമസിക്കുന്ന ചില ബന്ധുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. ഹാന്ദ്വാരയില്‍ നിന്ന് ഏറെ അകലെ അല്ലായിരുന്നു ഈ പ്രദേശത്ത് താമസിച്ചിരുന്ന ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള അവരിലൊരാള്‍ വഴിയാണ് അന്ദ്രാബിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ഇവയുടെ ഉറവിടം അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. കാശ്മീരില്‍ നിന്ന് ആപ്പിളോ മറ്റ് കച്ചവടസാധനങ്ങളോ കൊണ്ടു പോകുന്ന ട്രക്കുകളുടെ രഹസ്യഅറയിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ രീതി. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച്, ഈ മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ഭീമമായ ലാഭം കാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.
മയക്കുമരുന്ന് കടത്ത് കേരളത്തിലേക്ക്
2020 സെപ്തംബര്‍ 6 - ന് ആറ്റിങ്ങലില്‍ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 21 കോടി രൂപ മൂല്യം വരുന്ന 500 കിലോഗ്രാം കഞ്ചാവ് പിടികൂടുകയുണ്ടായി. കണ്ടെടുക്കപ്പെട്ട കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആന്ധ്രയിലെ നക്സല്‍ അധീന പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് കഞ്ചാവ് കൃഷിചെയ്യപ്പെടുന്നുണ്ട്. നക്സല്‍ സംഘങ്ങളും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. 2001 - ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍റര്‍ ആക്രമിച്ച ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകന്‍ ജാര്‍ഖണ്ഡില്‍ ഒരു നക്സലൈറ്റ് അനുഭാവിയുടെ വീട്ടിലാണ് അഭയം തേടിയത്. നിരോധിക്കപ്പെട്ട തീവ്രവാദി വിദ്യാര്‍ത്ഥി സംഘടനയായ സിമിയുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. ഈ സൂചനകളും സമീപകാല വാര്‍ത്തകളും ചേര്‍ത്തു വച്ചാല്‍ കേരളം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ ഭീകരത എന്താണെന്നതിന്‍റെ ഏകദേശ രൂപം നമുക്ക് ലഭിക്കും.
2019 ജൂണ്‍ മാസത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വെളിപ്പെടുത്തിയതനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ കേന്ദ്രതല ഡാറ്റയില്‍ അമൃത്സറിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്താണ് കേരളം. എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വളര്‍ച്ച വ്യക്തമാണ്. 2016ല്‍ 2033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ 2017 - ല്‍ 5946, 2018 ല്‍ 7573 എന്നിങ്ങനെയാണ് കണക്ക്. കേരളാ പോലീസ് 2016 - ല്‍ 6501 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 - ല്‍ ഈ സംഖ്യ 9359 ആയും 2018 - ല്‍ 9,521 ആയും വളര്‍ന്നു. ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത് 2016 - ല്‍ 10.79 കിലോഗ്രാം ആണ്, 2018 - ല്‍ ഇത് 65.94 ആയി കുതിച്ചുയര്‍ന്നു. 2019 മെയ് മാസം ആയപ്പോഴേക്കും 40 കിലോ ഗ്രാം പിടികൂടിക്കഴിഞ്ഞിരുന്നു. നിട്രാസെപാം ടാബ്ലറ്റുകള്‍ 2016 - ല്‍ പിടികൂടിയത് 1500 എണ്ണമാണെങ്കില്‍ 2017 - ല്‍ ഇവയുടെ എണ്ണം 7,800 ആയി കുതിച്ചുയര്‍ന്നു. 2018 - ല്‍ പിടിച്ചെടുത്തത് 10,700 ടാബ്ലറ്റുകള്‍ ആണ്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി പറഞ്ഞതനുസരിച്ച്, പിടികൂടിയ മയക്കുമരുന്നുകളുടെ കണക്ക് ആകെ കടത്തപ്പെടുന്ന മയക്കുമരുന്നിന്‍റെ ചെറിയ അംശം മാത്രമാണ്.
2019 - ല്‍ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വന്‍ തോതില്‍ അഫ്ഗാനില്‍ നിന് ഹെറോയിന്‍ കൊച്ചി കേന്ദ്രമാക്കി കടത്താന്‍ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണയായി ഹെറോയിന്‍ ഇന്ത്യയില്‍ എത്തുന്നത് അഫ്ഗാനസ്ഥാനില്‍ നിന്നും മ്യാന്മാറില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാവുകയും നിരവധി കേസുകള്‍ പിടിക്കപ്പെടുകയും അതുമൂലമായി വഴിയടയുകയും ചെയ്തതോടെ കള്ളക്കടത്തുകാര്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍ മാര്‍ഗ്ഗവും വായുമാര്‍ഗ്ഗവും കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കാന്‍ കഴിയും എന്നത് ആ സാധ്യതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
ഒന്നിച്ചു നില്‍ക്കേണ്ട കേരള സമൂഹം
മയക്കുമരുന്ന് കച്ചവടത്തിന്‍റെയും ഉപയോഗത്തിന്‍റെയും തീവ്രവാദ ബന്ധമാണ് ഇവിടെ വിവരിച്ചത്. നമ്മുടെ ഭാവിതലമുറയെ മയക്കത്തിലാക്കി ശേഷി നശിപ്പിക്കുക എന്നത് മാത്രമല്ല ഈ രാജ്യത്തെ അട്ടിമറിക്കാന്‍ വരെ ശക്തിയുള്ള രാജ്യദ്രോഹ ഇടപാടാണ് ഇവിടെ നടക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണത്തിലാണ് ഈ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നത്. കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ബഹു. സേവ്യര്‍ഖാന്‍ വട്ടായിലച്ചനെ പോലുള്ളവര്‍ പറഞ്ഞപ്പോഴും രാജ്യദ്രോഹികള്‍ക്ക് സംരക്ഷണമായി മുന്‍പില്‍ വന്നത് നമ്മുടെ മുന്‍നിര മാധ്യമങ്ങളായിരുന്നു എന്നത് ചിന്തനീയമാണ്. ക്രൈസ്തവദര്‍ശനത്തില്‍ നിലയുറപ്പിച്ച് നമ്മുടെ യുവജനതയെ മുന്നോട്ട് നയിക്കാന്‍ സാധിച്ചാലേ നമുക്ക് നാടിനെയും ഭാവിതലമുറയെയും ഈ വലിയ വിപത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുളളൂ. സമ്പത്തിന്‍റെയും വിപണിമൂല്യത്തിന്‍റെയും കെട്ടുകാഴ്ചകളില്‍ കുടുങ്ങിനില്‍ക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആത്മീയ ബോധ്യങ്ങളില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അകറ്റിനിര്‍ത്തുന്നതിന്‍റെ കാരണവും ഇതില്‍ നിന്ന് വ്യക്തമാണ്. ഏതാനും നാണയത്തുട്ടുകള്‍ക്ക് വേണ്ടി പിറന്നമണ്ണിനെ വെടിമരുന്നിന്‍റെ വിലയ്ക്ക് ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവര്‍ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും അകമ്പടിയോടെ വാഴ്ചനടത്തുന്ന ഈ മണ്ണില്‍ അകലെ നിലകൊള്ളുന്ന ഒരു സാങ്കല്‍പികഭീതിയല്ല ഭീകരത, നമ്മുടെ കണ്‍മുമ്പില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യമാണ്.
സമാപനം
അവരാദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന് അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ വില്‍ക്കപ്പെടുന്ന ഒരു നുള്ള് മയക്കുമരുന്നിന് നമ്മുടെ രാജ്യത്തെ ഉറക്കമിളച്ച് സേവിക്കുന്ന ദേശസ്നേഹിയായ ഒരു പട്ടാളക്കാരന്‍റെ നെറ്റിയില്‍ തുളച്ച് കയറുന്ന വെടിയുണ്ടയായോ, നമ്മുടെ ദൈവാലയങ്ങളിലോ നഗരത്തിലോ അനേകം സ്ത്രീപുരുഷന്മാരുടെയോ നിരപരാധികളായ മാലാഖക്കുഞ്ഞുങ്ങളുടെയോ രക്തം ചിന്തുന്ന സ്ഫോടകവസ്തുവായോ മാറാന്‍ ശേഷിയുണ്ട്. അധികാരപ്രഭുത്വത്തിന്‍റെ അന്തപുരങ്ങളിലും മാധ്യമതേര്‍വാഴ്ചയുടെ വെളിമ്പറമ്പുകളിലും ഇവയുടെ പ്രചാരകരുണ്ട് എന്നതിനാല്‍ നമ്മുടെ ദേശത്തിന്‍റെയും കുഞ്ഞുങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണ ചുമതല നമ്മുടേതുകൂടിയാണ് എന്ന് മനസ്സിലാക്കിയാല്‍ നന്ന്.
അധികാരികളോട് ഒരുവാക്ക്. കേരളം ഒരു വലിയ വിപത്തിന്‍റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഈ കാലഘട്ടത്തിലെ വാര്‍ത്തകളും സംഭവവികാസങ്ങളും തെളിയിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് തീവ്രവാദ മാഫിയകള്‍ എക്കാലത്തേതിലുമധികമായി ഈ നാടിനെയും, യുവജനങ്ങളെയും പിടിമുറുക്കിയിരിക്കുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എക്സൈസ്, പോലീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യംകൊടുത്ത് സജീവമാകേണ്ടതുണ്ട്. കേസുകളും കേസന്വേഷണങ്ങളും നാമമാത്രമായി ഒതുങ്ങിപ്പോകുന്ന നിലവിലെ ദുരവസ്ഥ പരിഹരിച്ച്, വിഷയത്തിന്‍റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് ശക്തമായ നിയമനടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ചങ്കൂറ്റംകാണിക്കണം. സമൂഹത്തിന്‍റെയും സമുദായങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയേ ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ.
(2020 നവംബറിൽ കെസിബിസി ജാഗ്രത ന്യൂസില്‍ ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ് എഴുതിയ ലേഖനം)
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക